സര്‍ച്ചാര്‍ജ് പിന്‍വലിച്ചിട്ടും എഫ്പിഐ നിക്ഷേപങ്ങളില്‍ ഇടിവ് തുടരുന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം മാസത്തിലും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ വിറ്റഴിക്കല്‍ തുടരുന്നു. എഫ്പിഐ നിക്ഷേപങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച അധിക സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായതോടെ എഫ്പിഐകളില്‍ തിരിച്ചുവരവ് പ്രകടമാകുമെന്ന പ്രതീക്ഷയെ അസ്ഥാനത്താക്കുന്നതായിരുന്നു കഴിഞ്ഞാഴ്ചത്തെ വിപണിയുടെ പ്രകടനം.

ഈ മാസം 3 മുതല്‍ 6 വരെയുള്ള കാലയളവില്‍ ഇക്വിറ്റികളില്‍ 4,263.79 കോടി രൂപയുടെ അറ്റ പിന്‍വലിക്കലും ഡെറ്റ് വിപണിയില്‍ 3,000.86 കോടി രൂപയുടെ അറ്റ നിക്ഷേപവുമാണ് എഫ്പിഐകള്‍ നടത്തിയിട്ടുള്ളത്. ഇതോടെ മൂലധന വിപണികളിലെ മൊത്തത്തിലുള്ള അറ്റ പിന്‍വലിക്കല്‍ സെപ്റ്റംബറില്‍ ഇതുവരെ 1,262.93 കോടി രൂപയാണ്. സെപ്റ്റംബര്‍ 2ന് ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് വിപണിക്ക് അവധിയായിരുന്നു.

അഞ്ചു മാസം രാജ്യത്തെ ഇക്വിറ്റി വിപണിയില്‍ അറ്റ വാങ്ങലുകാരായിരുന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ജൂലൈയിലാണ് വലിയ തോതിലുള്ള വിറ്റഴിക്കലിലേക്ക് നീങ്ങിയത്. ഓഹരി നിക്ഷേപങ്ങളില്‍ നിന്നുള്ള വലിയ നേട്ടങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയാണ് നിക്ഷേപകരുടെ മനോഭാവത്തെ പ്രധാനമായും സ്വാധീനിച്ചത്. പിന്നീട് ബജറ്റ് നിര്‍ദേശങ്ങളില്‍ ഇളവുണ്ടാകില്ല എന്ന് ധനമന്ത്രി പലകുറി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ജൂലൈയില്‍ മൊത്തം 2,985.88 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള്‍ നടത്തിയത്. ഓഗസ്റ്റില്‍ 5,920.02 കോടി രൂപയുടെ അറ്റ പിന്‍വലിക്കലും നടന്നു.

ആഗോളതലത്തില്‍ യുഎസ്- ചൈന വ്യാപാര യുദ്ധം നിക്ഷേപകരുടെ മനോഭാവത്തെ ദുര്‍ബലമാക്കുന്നത് തുടരുകയാണ്. കഴിഞ്ഞയാഴ്ച പുറത്തുവന്ന ജിഡിപി റിപ്പോര്‍ട്ടും ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളെ നിരുല്‍സാഹപ്പെടുത്തിയിട്ടുണ്ടാകാമെന്ന് ഗ്രോയുടെ സിഒഒ ഹര്‍ഷ് ജെയ്ന്‍ പറയുന്നു. ആറു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഇന്ത്യ രേഖപ്പെടുത്തിയിട്ടുള്ളത്.

ഓഗസ്റ്റ് അവസാനമാണ് സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ച വേഗം തിരിച്ചുപിടിക്കുന്നത് ലക്ഷ്യമിട്ട് ചില നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബജറ്റില്‍ ഓഹരി നിക്ഷേപങ്ങള്‍ക്കു മേല്‍ ചുമത്തിയ അതി സമ്പന്ന നികുതിയും ഇതിനൊപ്പം പിന്‍വലിച്ചു. ഇതിന്റെ ഫലമായി എഫ്പിഐ നിക്ഷേപങ്ങളില്‍ തിരിച്ചുവരവ് പ്രകടമാകുമെങ്കിലും സുസ്ഥിരമായ തിരിച്ചുവരവ് നിക്ഷേപങ്ങളിലുണ്ടാകണമെങ്കില്‍ കോര്‍പ്പറേറ്റ് വരുമാനങ്ങളിലെ ഉണര്‍വും വളര്‍ച്ചാ മാന്ദ്യം നേരിടുന്ന സമ്പദ്വ്യവസ്ഥയ്ക്കായി കൂടുതല്‍ പരിഷ്‌കരണ നടപടികളും ഉണ്ടാകണമെന്ന് വിപണി വിദഗ്ധര്‍ മുമ്പു തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ച്ചാര്‍ജ് പിന്‍വലിച്ച ശേഷവും എഫ്പിഐകളില്‍ വില്‍പ്പന സമ്മര്‍ദം ശക്തമാണെന്നാണ് കാണുന്നത്. ഇന്ത്യന്‍ വിപണിയിലെ മൂല്യ നിര്‍ണയം സംബന്ധിച്ച അസ്ഥിരതകളും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ വേഗം കുറയുന്നതിലുള്ള ആശങ്കകളുമാണ് ഇതിന് പ്രധാന കാരണമെന്ന് കൂടുതല്‍ വ്യക്തമാകുകയാണെന്ന് റിലഗര്‍ ബ്രോക്കിങ് ലിമിറ്റഡിന്റെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര പറയുന്നു. സമ്പദ്വ്യവസ്ഥയില്‍ അര്‍ത്ഥപൂര്‍ണമായൊരു തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതു വരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളില്‍ ഇടിവ് തുടരാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു.

Top