fourth year of the dismiss of thilakan

ഭിനയത്തിന്റെ ആഴവും പരപ്പും മലയാളിക്ക് അനുഭവവേദ്യമാക്കിയ മഹാനടന്‍ ഓര്‍മയായിട്ട് നാലു വര്‍ഷം.

തിലകന്റെ കഥാപാത്രങ്ങളിലൂടെ അഭിനയകരുത്തിന്റെ അര്‍ത്ഥം നമ്മളറിഞ്ഞു. സിനിമ പുതിയ സാങ്കേതിക മികവോടെ മുന്നേറുമ്പോള്‍ ഈ നടന്റെ വിയോഗം വരുത്തിയ ശൂന്യത ഇന്നും ബാക്കിയാകുന്നു.

ഇരുനൂറിലേറെ സിനിമകള്‍. പതിനായിരത്തിലേറെ നാടകവേദികള്‍. അഭ്രപാളികളിലും ഒപ്പം നാടകത്തട്ടിലും അഭിനയത്തിന്റെ സമസ്ത ഭാവങ്ങളിലും തിലകക്കുറി ചാര്‍ത്തിയ മഹാനടന്‍.

പെരുന്തച്ചനെ വെള്ളിത്തിരയില്‍ അവിസ്മരണിയമാക്കിയ തിലകന്‍ ഒരോ ചിത്രത്തിലുടെയും തന്റെ പ്രതിഭ തെളിയിച്ചു. വീരവും രൗദ്രവും ഹാസ്യവും ശ്യംഗാരവുമെല്ലാം തിലകഭാവങ്ങളില്‍ മിന്നിമറഞ്ഞു.

കിരീടത്തിലെ വികാരതീവ്രമായ വാക്കുകള്‍ ഒരു തവണയെങ്കിലും ഹൃദയംകൊണ്ട് കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. ചിലപ്പോള്‍ നിസ്സഹായതയുടെ ആള്‍രൂപങ്ങള്‍, മറ്റു ചിലപ്പോള്‍ കാര്‍ക്കശ്യം തലപ്പാവാക്കിയ മനുഷ്യന്‍, കഥാപാത്രങ്ങള്‍ ഏതായാലും തിലകന്റെ കയ്യിലെ ഭാവവൈവിധ്യം അപാരം.

നാടോടികാറ്റ്, പട്ടണപ്രവേശം,കിലുക്കം,മൂക്കില്ലാ രാജ്യത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹാസ്യവും തനിക്ക് നന്നായി വഴങ്ങുമെന്ന് തിലകന്‍ അനായാസമായി തെളിയിച്ചു.

കഥാപാത്രങ്ങള്‍ക്കപ്പുറം ഉറച്ച നിലപാടുകളുമായി ആരെയും ഭയക്കാതെ മുന്നോട്ട് പോകാന്‍ ജീവിതത്തിലും അദ്ദേഹം ശ്രമിച്ചു. സംഘടനകള്‍ വിലക്കിയപ്പോഴും അഭിനയത്തോടുളള അഭിനിവേശം ഈ മനുഷ്യന്‍ കൈവിട്ടില്ല.

എത്ര ഋതുഭേദങ്ങള്‍ മാറി വന്നാലും മൂന്നാം പക്കത്തിലെ പാച്ചുവിന്റെ അപ്പൂപ്പനില്‍ നിന്നും സ്ഫടികത്തിലെ കര്‍ക്കശക്കാരനായ ചാക്കോമാഷിലേക്കുമുളള തിലകന്റെ ഭാവസഞ്ചാരം മാത്രം മതി ആ പ്രതിഭയുടെ അളവുകോലിന്.

Top