നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 72 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തില്‍

ഭുവനേശ്വര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ. മഹാഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.

ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഒഡിഷ, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് ഇന്ന് പോളിങ്. 17 മണ്ഡലങ്ങള്‍ കൂടി ഇന്ന് വോട്ട് ചെയ്യുന്നതോടെ മഹാരാഷ്ട്രയില്‍ പോളിങ് പൂര്‍ത്തിയാകും. ഒഡിഷയിലും ഈ ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങുന്നു. രാജസ്ഥാനില്‍ 13 ഉം മധ്യപ്രദേശില്‍ ആറും ഝാര്‍ഖണ്ഡില്‍ മൂന്നും സീറ്റുകളിലാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശില്‍ 13 സീറ്റുകളിലാണ് പോളിങ് നടക്കുന്നത്.

കനൌജില്‍ എസ്.പി നേതാവ് ഡിംപിള്‍ യാദവ്, ഉന്നാവയില്‍ ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ്, ഫറൂഖാബാദില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കാണ്‍പൂരില്‍ കോണ്‍ഗ്രസിന്റെ ശ്രീ പ്രകാശ് ജയ്സ്വാള്‍, ചിന്ദ്വാഡയില്‍ നകുല്‍ നാഥ്, ബേഗുസരായിയില്‍ സി.പി.ഐ യുവനേതാവ് കനയ്യ കുമാര്‍, അസന്‍സോളില്‍ ബി.ജെ.പിയുടെ ബാബുല്‍ സുപ്രിയോ തുടങ്ങിയവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.

അനന്ത്നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാലാംഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 72 സീറ്റുകളിൽ 56-ഉം എൻഡിഎ സഖ്യം നേടിയിരുന്നു. കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്. ബാക്കി 14 സീറ്റുകൾ തൃണമൂൽ കോൺഗ്രസിനും ബിജു ജനതാദളിനും വിഭജിച്ച് പോയി.

Top