നാലാംഘട്ടലോക്ക്ഡൗണ്‍; ഇന്നുമുതല്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങളും, പുതുതായി ബഫര്‍ സോണും

ന്യൂഡല്‍ഹി: രാജ്യത്തു നാലാംഘട്ട ലോക്ഡൗണ്‍ 31 വരെ നീട്ടിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. ആഭ്യന്തരരാജ്യാന്തര വിമാനങ്ങളും മെട്രോ ട്രെയിനും ഉണ്ടായിരിക്കില്ല. സ്‌കൂളുകള്‍, കോളജുകള്‍, വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കില്ല. ഹോട്ടല്‍, തിയറ്റര്‍, മാള്‍, ജിം, ആരാധനാലയം എന്നിവിടങ്ങളിലും പ്രവേശനമില്ല.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണു ലോക്ഡൗണ്‍ നീട്ടുന്ന വിവരം പ്രഖ്യാപിച്ചത്. തുടര്‍ന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സോണ്‍ മാനദണ്ഡങ്ങള്‍ മാറി. പുതുതായി ബഫര്‍ സോണുകളും ഉള്‍പ്പെടും.കണ്ടെയ്ന്‍മെന്റ്, ബഫര്‍, റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെയായിരിക്കും ഇനി സോണുകള്‍.

  • ഒന്നോ അതിലധികമോ കേസുകള്‍ ഒരു പ്രദേശത്ത് ഉണ്ടെങ്കില്‍ ആ പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തു.
  • കണ്ടെയ്ന്‍മെന്റ് സോണിനടുത്ത പ്രദേശത്തെ ബഫര്‍ സോണുകളായി പ്രഖ്യാപിച്ച് കര്‍ശന നിരീക്ഷണത്തിലാക്കും. അവശ്യസാധന കടകള്‍ പോലും ദിവസം മുഴുവന്‍ തുറക്കാനാകില്ല. സമയം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം.
  • ആറോ അതിലധികമോ പോസിറ്റീവ് കേസുകള്‍ ഉള്ള സ്ഥലത്തെ റെഡ്‌സോണ്‍ ആയി പരിഗണിക്കും.
  • ആറില്‍ത്താഴെ കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ അത് ഓറഞ്ച് സോണിലും ഒരു കേസും ഇല്ലെങ്കില്‍ ഗ്രീന്‍ സോണിലും ഉള്‍പ്പെടുത്തും.
  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിമാനം, മെട്രോ ട്രെയിന്‍, റസ്റ്ററന്റ്, മാള്‍, തിയറ്റര്‍, ആരാധനാലയം എന്നിവ അനുവദിക്കില്ല.
  • ബസ് ഉള്‍പ്പെടെയുള്ള സംസ്ഥാനാനന്തര വാഹന യാത്രയ്ക്കായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി വേണം.
  • സംസ്ഥാനത്തിനുള്ളില്‍ ബസ് ഉള്‍പ്പെടെയുള്ള വാഹന യാത്രയുടെ കാര്യത്തില്‍ സംസ്ഥാനത്തിനു തീരുമാനിക്കാം.
  • മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആരോഗ്യ പ്രവര്‍ത്തകരും ആംബുലന്‍സുകളും വരാന്‍ അനുവദിക്കണം.
  • ചരക്കു ലോറികളുടെയും ചരക്കു കൊണ്ടുവരാന്‍ വരുന്ന ഒഴിഞ്ഞ ലോറികളുടെയും സംസ്ഥാനാനന്തര യാത്ര.
  • കാണികളില്ലാതെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാം.
  • ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവയുടെ കാര്യത്തില്‍ ഉത്തരവില്‍ പരാമര്‍ശമില്ല
  • വൈദ്യ സേവനങ്ങള്‍ക്കുള്ള വിമാനങ്ങളും എയര്‍ ആംബുലന്‍സുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷയുമായി ബന്ധപ്പെട്ട് അനുവദിക്കുന്നവ ഒഴികെ വിമാനങ്ങള്‍ പാടില്ല.
  • വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ പാടില്ല. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസമാകാം.
  • ഹോട്ടലും റസ്റ്ററന്റും പാടില്ല. ഹോം ഡെലിവറി തുടരാം.
  • ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവള കന്റീനുകളാകാം. ക്വാറന്റീനില്‍ ഉള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, സര്‍ക്കാര്‍ ഓഫിസുകള്‍, എവിടെയെങ്കിലും അകപ്പെട്ടു പോയവര്‍ എന്നിവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കാം.
  • തിയറ്റര്‍, മാള്‍, ജിം, സ്വിമ്മിങ് പൂള്‍, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം എന്നിവ തുറക്കരുത്. സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാം, കാണികള്‍ പാടില്ല.
  • ജനങ്ങള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ പാടില്ല.
  • ആരാധനാലയങ്ങളില്‍ പൊതുജന പ്രവേശനമില്ല. മതപരമായ ചടങ്ങുകളും പാടില്ല.
  • 65 വയസ്സിനു മുകളിലുള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖമുള്ളവരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും വീട്ടില്‍ത്തന്നെ കഴിയണം. ആരോഗ്യപരമായ ആവശ്യത്തിനു മാത്രമേ പുറത്തു പോകാവൂ.
  • നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 2005ലെ ദുരന്ത നിവാരണ നിയമം 51, 60 വകുപ്പുകള്‍ പ്രകാരം കേസ് ചുമത്താം. ഐപിസി സെക്ഷന്‍ 188 പ്രകാരമുള്ള നിയമനടപടികളും കൈക്കൊള്ളാം.
  • നേരത്തേ പല ഘട്ടങ്ങളിലായി പുറപ്പെടുവിച്ച സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ നിലനില്‍ക്കും. മാസ്‌ക് നിര്‍ബന്ധമായും ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും നിലനില്‍ക്കും.
  • ഓഫിസുകളിലും ജോലിസ്ഥലങ്ങളിലും ജീവനക്കാര്‍ ആരോഗ്യസേതു ആപ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
  • മേയ് 31 വരെ സ്‌പെഷല്‍ ട്രെയിനുകളും അതിഥിത്തൊഴിലാളികള്‍ക്കുള്ള ശ്രമിക് ട്രെയിനുകളും ചരക്കു സര്‍വീസുകളും മാത്രമേ ഉണ്ടാകൂ എന്നു റെയില്‍വേ അറിയിച്ചിട്ടുണ്ട്.
  • മുന്‍ ലോക്ഡൗണ്‍ കാലയളവിലെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. ജൂണ്‍ 30 വരെ പതിവു യാത്രാ സര്‍വീസുകള്‍ ഉണ്ടാകില്ലെന്നു നേരത്തേ തന്നെ അറിയിച്ചിരുന്നു.
Top