കണ്ടെയ്നര്‍ ട്രക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; അറസ്റ്റിലായ മൂന്നു പേര്‍ക്ക് ജാമ്യം

ഹാനോയ്: ലണ്ടന്‍ നഗരത്തില്‍ ശീതീകരിച്ച കണ്ടെയ്നര്‍ ട്രക്കില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പേര്‍ക്ക് ജാമ്യം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡുകാരനായ 46 വയസുകാരനും സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ ജോവാന, തോമസ് എന്നിവര്‍ക്കുമാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലുള്ള ട്രക്ക് ഡ്രൈവര്‍ മൗറിസ് റോബിന്‍സണെ(25) തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ബുധനാഴ്ചയാണ് ബ്രിട്ടനിലെ എസക്‌സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് ഒരു കൗമാരക്കാരന്റെ അടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.

പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഘം ലോറി പരിശോധിച്ചപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടത്. ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടനില്‍ പ്രവേശിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മൃതദേഹം കണ്ടെത്തിയ എസക്‌സില്‍നിന്നും ഏകദേശം 480 കിലോമീറ്ററോളം അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടനിലെത്തിയത്.

അതേസമയം മൃതദേഹങ്ങളെല്ലാം ചൈനീസ് പൗരന്മാരുടേതെന്നായിരുന്നു എസെക്സ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിയറ്റ്നാമില്‍ നിന്നുള്ളവരുള്‍പ്പടെ മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് പുതിയ നിഗമനം. നിലവില്‍ അന്വേഷണം ഈ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.രാജ്യത്ത് നിയമപരമായോ അല്ലാതെയോ താമസിക്കുന്ന വ്യക്തികള്‍ക്ക് സംഭവത്തെ പറ്റി വിവരങ്ങളറിയുമെങ്കില്‍ സമീപിക്കണമെന്ന് പൊലീസ് അറിയിച്ചു

മൃതദേഹങ്ങളില്‍ 20 എണ്ണം വിയറ്റ്‌നാം പൗരന്മാരുടേതാണെന്നു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ബ്രിട്ടനിലെ സാമൂഹ്യപ്രവര്‍ത്തന സംഘടനയും സംശയം ഉന്നയിച്ചിരുന്നു.

Top