രാജസ്ഥാനില്‍ നാലുവയസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു; സ്‌കൂള്‍ തകര്‍ത്ത് നാട്ടുകാര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ നാലുവയസ്സുള്ള ദലിത് ബാലികയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യഭാഗത്തു നിന്ന് രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സ്‌കൂള്‍ പരിസരത്ത് വെച്ച് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.

സ്‌കൂളിലെ അധ്യാപകനായിരുന്ന രവി വഗോരിയ കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പ്രതിയായ അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ ആക്രമിച്ച് തകര്‍ത്തു. സ്‌കൂളിലെ ഫര്‍ണീച്ചറുകള്‍ തല്ലിത്തകര്‍ത്ത പ്രദേശവാസികള്‍ മാനേജരെ മര്‍ദിച്ച് അവശനാക്കി.

സെപ്റ്റംബര്‍ 22ന് സ്‌കൂള്‍ പരിസരത്തു വച്ചാണ് അധ്യാപകന്‍ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്ത് രക്തം കണ്ടെതിനെ തുടര്‍ന്ന് അമ്മ സ്‌കൂളിലെ പ്രധാന അധ്യാപകനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ കുട്ടി തന്നെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചതായിരിക്കുമെന്നായിരുന്നു പ്രധാന അധ്യാപകന്റെ മറുപടിയെന്നും സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ പോക്‌സോ വകുപ്പുള്‍പ്പടെ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

Top