ദൈവത്തോടുള്ള വിശ്വാസം തെളിയിക്കാന്‍ അമ്മ മകളെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു

നാലുവയസ്സുള്ള മകളെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നശേഷം അമ്മ മൃതദേഹം കത്തിച്ചു. കാര്‍ലി ആന്‍ ഹാരിസ് എന്ന 38കാരിയാണ് സ്വന്തം മകളോട് ഇത്രയും വലിയ ക്രൂരത കാണിച്ചത്. ഇവരുടെ മനോനില തകരാറിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മാലാഖയെ കാണാന്‍ പോവുകയാണെന്നു പറഞ്ഞാണ് കുഞ്ഞിനെ കാര്‍ലി കൊന്നത്. സ്വര്‍ഗത്തില്‍വെച്ച് വീണ്ടും കാണാമെന്നും അവര്‍ കുഞ്ഞിനോട് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

കുട്ടിയെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ് കത്തിക്കുകയായിരുന്നു. പൊള്ളലേറ്റ ശരീരം ഒരു ഷീറ്റില്‍ പൊതിഞ്ഞ് മേശയ്ക്കടിയില്‍ സൂക്ഷിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസാണ് മൃതദേഹം മേശയ്ക്കടിയില്‍നിന്ന് കണ്ടെത്തിയത്. അമേലി ബ്രൂക്ക് ഹാരിസ് എന്ന നാലുവയസ്സുകാരിയാണ് സ്വന്തം അമ്മയാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്.

കൊലപാതകത്തെക്കുറിച്ച് പൊലീസ് തിരക്കിയപ്പോള്‍ ദൈവത്തോടുള്ള വിശ്വാസം തെളിയിക്കാനാണ് താനിങ്ങനെ ചെയ്തതെന്ന് കാര്‍ലി പറഞ്ഞു. മകള്‍ മാലാഖയെ കാണാന്‍ പോയിരിക്കകുയാണെന്നും രണ്ടുദിവസത്തിനുശേഷം തിരിച്ചവരുമെന്നും മാലാഖമാര്‍ പറഞ്ഞിട്ടാണ് താനിങ്ങനെ ചെയ്തതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.

കാര്‍ലിയുടെ 17 വയസ്സുള്ള മൂത്തമകന്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ 11 വയസ്സുള്ള അനുജന്‍ വീട്ടിലെ സെറ്റിയിലിരുന്ന് കരയുന്നതാണ് കണ്ടത്. പുറത്തേക്കുപോകരുതെന്ന് ഇളയകുട്ടി പേടിയോടെ പറഞ്ഞു. അമേലി സ്വര്‍ഗത്തിലേക്ക് പോയിരിക്കുകയാണെന്നും ഞായറാഴ്ച തിരിച്ചുവരുമെന്നും കാര്‍ലി പറയുന്നതുകൂടി കേട്ടതോടെ മൂത്ത കുട്ടിക്ക് സംശയം തോന്നി. ഉടന്‍തന്നെ പുറത്തിറങ്ങി നോക്കിയ ഇയാള്‍, മേശയ്ക്കടിയില്‍ ബ്ലാങ്കറ്റ് ചുരുട്ടിവെച്ചിരിക്കുന്നതുകണ്ടു. ബ്ലാങ്കറ്റ് തുറന്നുനോക്കിയപ്പോള്‍ കരിഞ്ഞൊരു കാല്‍ കണ്ടതോടെ അവന്‍ പേടിച്ചുനിലവിളിച്ചു. ഇതുകേട്ട് അയല്‍ക്കാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

ദൈവത്തോടുള്ള വിശ്വാസം തെളിയിക്കുന്നതിനായാണ് താനത് ചെയ്തതെന്ന് കാര്‍ലി കോടതിയിലും പറഞ്ഞു. തന്നോട് ദൈവം പറഞ്ഞിട്ടാണ് താനങ്ങനെ ചെയ്തതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കാര്‍ലി. കൊല്ലപ്പെടുംമുമ്പ് അമേലിയുടെ നേര്‍ത്ത കരച്ചില്‍ കേട്ടിരുന്നതായി അയല്‍ക്കാരി പൊലീസിനോട് പറഞ്ഞു. പിന്നീട് കാര്‍ലി പൂന്തോട്ടത്തില്‍ കൈകളുയര്‍ത്തി എന്തൊക്കെയോ വിളിച്ചുപറയുന്നതായും കണ്ടുവെന്നും അവര്‍ മൊഴി നല്‍കി. കൊലപാതകത്തില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടൊ എന്ന അന്വേഷണത്തിലാണ് പൊലീസ്.

Top