സൗദിയിൽ ഹൂതി ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് 4 തൊഴിലാളികള്‍ക്ക് പരിക്ക്

റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രണം തടഞ്ഞതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ പതിച്ച് നാല് പേര്‍ക്ക് പരിക്കേറ്റതായി യമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന അറിയിച്ചു.

വിമാത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ആളില്ലാ വിമാനം തടയുന്നതിനിടെ വീണ അവശിഷ്ടങ്ങള്‍ പതിച്ച് വിമാനത്താവളത്തിന്റെ മുന്‍ഭാഗങ്ങളുടെ ഗ്ലാസ് തകരുകയും ചില തൊഴിലാളികള്‍ക്ക് പരിക്കേറ്റതായുമാണ് സഖ്യസേന അറിയിച്ചിരിക്കുന്നതെന്ന് ദേശീയ ടെലിവിഷന്‍ ചാനലായ അല്‍-ഇഖ്ബാരിയ റിപ്പോര്‍ട്ട് ചെയ്തു. സഖ്യ സേന വടക്കുപടിഞ്ഞാറന്‍ യമനിലെ സാദ ഗവര്‍ണറേറ്റിലെ ഡ്രോണ്‍ വിക്ഷേപണ കേന്ദ്രം നശിപ്പിച്ചതായും പ്രസ്താവനയില്‍ പറഞ്ഞു.

വിമാനത്താവളത്തിലെ നാവിഗേഷന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പിന്നീട് സാധാരണ നിലയിലായതായി അല്‍-അഖ്ബാരിയ ടിവി റിപ്പോര്‍ട്ട് ചെയ്തു. യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണ് ആക്രമണ ശ്രമത്തിന് പിന്നിലെന്ന് സഖ്യസേന കുറ്റപ്പെടുത്തി. ‘സിവിലിയന്‍ എയര്‍പോര്‍ട്ട് എന്ന നിലയില്‍ അബഹ വിമാനത്താവളത്തില്‍ സിവിലിയന്‍മാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ശ്രമം യുദ്ധക്കുറ്റമാണെന്ന് സഖ്യസേനയെ ഉദ്ധരിച്ച് ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ക്കെതിരെ പോരാടാന്‍ യമനിലെ നിയമാനുസൃത സര്‍ക്കാരിനെ സഹായിക്കുന്ന അറബ് രാജ്യസേനയെ സഹായിക്കാന്‍ സൗദി അറേബ്യ നേതൃത്വം നല്‍കുന്നതിന്റെ കാരണത്താല്‍ ഏതാനും വര്‍ഷങ്ങളായി അബഹ വിമാനത്താവളവും, അയല്‍ നഗരമായ ഖമീസ് മുഷൈത്തടക്കം ഹൂതികള്‍ ഡ്രോണുകളുപയോഗിച്ച് മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

സൗദി അറേബ്യക്കുനേരെ ആക്രമണം നടത്താന്‍ വടക്കന്‍ യമനിലെ അല്‍-ജൗഫില്‍ ഹൂതികള്‍ തയ്യാറാക്കിയ രണ്ട് ഡ്രോണുകള്‍ സഖ്യ സേന നശിപ്പിച്ചതായി റിപ്പോര്‍ട്ടുചെയ്ത് മണിക്കൂറുകള്‍ക്കകമാണ് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുള്ള ഹൂതികളുടെ ആക്രമണം.

പടിഞ്ഞാറന്‍ യമനിലെ ഹുദൈദ ഗവര്‍ണറേറ്റിലെ ഒരു കേന്ദ്രം ലക്ഷ്യമിട്ട് ബുധനാഴ്ച രാവിലെ സഖ്യസേന നടത്തിയ ആക്രമണത്തില്‍ സൗദിക്കുനേരെ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടുനിര്‍ത്തിയിരുന്ന മൂന്ന് ബോട്ടുകള്‍ സഖ്യസേന തകര്‍ത്തിരുന്നു.

 

Top