തെരഞ്ഞെടുപ്പ് അടുക്കുന്നു; ബിജെപി എംഎല്‍എ എഎപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബി ജെ പി എംഎല്‍എ എഎപിയില്‍ ചേര്‍ന്നു. ഹരി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നാലുതവണ ബിജെപി എംഎല്‍എയായിരുന്ന ഹര്‍ഷരണ്‍ സിംഗ് ബല്ലിയാണ് എഎപിയില്‍ ചേര്‍ന്നത്. ഇന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവര്‍ സന്നിഹിതരായ ചടങ്ങിലാണ് ഹര്‍ഷരണ്‍ സിംഗ് ബല്ലി എഎപിയില്‍ ചേര്‍ന്നത്.

1993 മുതല്‍ 2013വരെ എംഎല്‍എയായിരുന്നു ബല്ലി. തെരഞ്ഞെടുപ്പില്‍ കേജ്‌രിവാള്‍ വിജയിക്കട്ടെയെന്ന് ബല്ലി ആശംസിച്ചു. വികസനം മുന്‍നിര്‍ത്തിയുള്ള എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമാകുമെന്നും ബല്ലി വ്യക്തമാക്കി. തന്റെ അസംബ്ലി മണ്ഡലത്തില്‍ നിന്ന് നിരവധിപ്പേര്‍ എഎപിയില്‍ ചേരുമെന്നും ബല്ലി പ്രഖ്യാപിച്ചു.

ഡല്‍ഹിയിലെ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഹര്‍ഷരണ്‍ സിംഗ് ബല്ലി. മദന്‍ലാല്‍ ഖുരാന നയിച്ച മുന്‍ ഡല്‍ഹി മന്ത്രിസഭയില്‍ ഹര്‍ഷരണ്‍ സിംഗ് ബല്ലി അംഗമായിരുന്നു.

Top