കാലവര്‍ഷം; ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം ഉടന്‍ കേരളത്തിലേക്ക്‌

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം ഉടന്‍ കേരളത്തില്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷമെത്തുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ മുന്‍കൂട്ടി വിന്യസിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘത്തില്‍ 48 പേരാണുണ്ടാവുക.

ആദ്യ സംഘമായി 4 ടീം കേരളത്തില്‍ എത്തും എന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു. നിലവില്‍ തൃശ്ശൂരില്‍ ഉള്ള ഒരു ടീമിന് പുറമെ ആണ് 4 ടീം എത്തുന്നത്. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ആണ് ആദ്യ സംഘം എത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ ഒന്നാംതീയതി കാലവര്‍ഷം കേരള തീരത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അറബിക്കടലില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ രൂപമെടുക്കുന്നുണ്ട്. ഇതിലൊന്ന് കേരളത്തിനും ലക്ഷദ്വീപിനും ഇടയിലാവും. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നത്. മേയ് 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജൂണ്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ രണ്ടിന് കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജൂണ്‍ മൂന്നിന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലേര്‍ട്ട് ഉണ്ട്.

Top