തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളെജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍ , അര്‍ജുന്‍ അലോഷ്യസ്, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്.
തൃശൂര്‍ സെന്റ് അലോഷ്യസ് കോളെജിലെ വിദ്യാര്‍ഥിയാണ് അബി ജോണ്‍. മറ്റു മൂന്നു പേരും തൃശൂര്‍ സെന്റ് തോമസ് കോളെജ് വിദ്യാര്‍ഥികളാണ്. ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്.
നാലു പേരും ബിരുദ വിദ്യാര്‍ഥികളാണ്. കൂട്ടത്തിലൊരാള്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തമത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഘം ചേര്‍ന്നെത്തിയ വിദ്യാര്‍ഥികളില്‍ നാലു പേര്‍ മാത്രമാണ് കുളിക്കാനിറങ്ങിയതെന്നാണ് നിഗമനം. പ്രദേശത്ത് ഇതിനു മുന്‍പും അപകടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.