ഐസിസിയുടെ ഈ വര്‍ഷത്തെ വനിതാ ടീമിൽ ഇന്ത്യയില്‍ നിന്ന് നാല് താരങ്ങള്‍

ദുബായ്: ഈ വര്‍ഷത്തെ ഐസിസി ടി20 വനിതാ ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍. 11 അംഗ ടീമില്‍ സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, റിച്ചാ ഘോഷ്, രേണുക സിംഗ് എന്നിവരാണ് ഇടം നേടിയത്. ഏറ്റവും കൂടുതല്‍ താരങ്ങളുള്ളതും ഇന്ത്യയില്‍ നിന്ന് തന്നെയാണ്. ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനാണ് ടീമിനെ നയിക്കുന്നത്. മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങളും ടീമിലുണ്ട്. പാകിസ്ഥാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി.

ഓസീസ് താരം ബേത് മൂണിക്കൊപ്പം മന്ഥാന ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഈവര്‍ഷം 33 ശരാശരിയില്‍ 594 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്. അഞ്ച് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. ഈ വര്‍ഷം 29 വിക്കറ്റെടുത്ത ദീപതിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമില്‍ ഇടം നല്‍കിയത്. ബാറ്റിംഗിനെത്തിയപ്പോള്‍ 370 റണ്‍സും ദീപ്തി സ്വന്തമാക്കി. ഈ വര്‍ഷം 150 സ്‌ട്രൈക്ക് റേറ്റില്‍ 259 റണ്‍സ് നേടിയ റിച്ചയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. 18 മത്സരങ്ങളിലാണ് ഈ നേട്ടം. പേസര്‍ രേണുക വര്‍ഷം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. 18 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഓസ്‌ട്രേലിയയില്‍ നിന്ന് മൂണിക്ക് പുറമെ അഷ്‌ലി ഗാര്‍ഡ്‌നര്‍, തഹ്ലിയ മഗ്രാത്ത് എന്നിവരാണ് ഐസിസി ടീമിലെത്തിയ താരങ്ങള്‍. പാകിസ്ഥാന്‍ നിന്ന് താരം നിദ ദര്‍ ടീമിലെത്തി. ശ്രീലങ്കയുടെ ഇനോക രണവീരയും ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണുമാണ് ടീമില്‍ ഇടം നേടിയ മറ്റുതാരങ്ങള്‍.

ഐസിസിയുടെ വനിതാ ടീം: സ്മൃതി മന്ഥാന, ബേത് മൂണി, സോഫി ഡിവൈന്‍, ആഷ് ഗാര്‍ഡ്‌നര്‍, തഹ്ലിയ മഗ്രാത്ത്, നിദ ദര്‍, ദീപ്തി ശര്‍മ, റിച്ചാ ഘോഷ്, സോഫി എക്ലെസ്റ്റോണ്‍, ഇനോക രണവീര, രേണുക സിംഗ്.

Top