ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍:ന്യൂമാഹിയില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തതത്.

ക്വാറന്റീന്‍ ലംഘിച്ചെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിനാണ് കേസ്. ക്വാറന്റീന്‍ ലംഘിച്ചെന്ന പ്രചരണത്തില്‍ മനംനൊന്താണ് ന്യൂമാഹി പി.എച്ച്.സിയിലെ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തസമ്മര്‍ദ്ദത്തിനുള്ള ഇരുപതോളം ഗുളികകള്‍ കഴിച്ച് ജീവനൊടുക്കാനായിരുന്നു ശ്രമം.

ബെംഗളൂരുവില്‍ നിന്ന് ഈ മാസം 19ന് വന്ന സഹോദരി സമ്പര്‍ക്കം പുലര്‍ത്തിയവരുമായി ആരോഗ്യപ്രവര്‍ത്തക അടുത്ത് ഇടപഴകിയെന്നും ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ്-ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം.എന്നാല്‍ ഇവര്‍ക്ക് സമ്പര്‍ക്കമില്ലെന്നും ക്വാറന്റീന്‍ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചിരുന്നു.

കോണ്‍ഗ്രസും ബിജെപിയും സമരം തുടങ്ങിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി രക്തസമ്മര്‍ദ്ദം കുറയാനുള്ള ഗുളികകള്‍ അമിതമായി കഴിച്ച് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

മൂന്നുമാസത്തിലധികമായി അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന തനിക്കെതിരെ ചിലര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് വാട്‌സപ്പില്‍ കുറിച്ചായിരുന്നു ആത്മഹത്യ ശ്രമം

ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലിചെയ്തെന്ന് ചിലര്‍ കുപ്രചരണം നടത്തുന്നു. ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന തന്നോട് ചിലര്‍ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലുപേരാണെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.

Top