Four People killed as Building Collapses In Meerut

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് കണ്‍ടോണ്‍മെന്റ് മേഖലയില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ കെട്ടിടം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ഇവര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. ആറോളം പേര്‍ അവഷ്ടിങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മീററ്റ് ഡിവിഷന്‍ കമ്മീഷണര്‍ അലോക് സിന്‍ഹ പറഞ്ഞു.

അലഹാബാദ് ഹൈക്കോടതിയുടെ വിധി അനുസരിച്ചാണ് അധികൃതര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ എത്തിയത്. സ്ഥലത്തെത്തിയ അധികൃതര്‍ ഒഴിഞ്ഞു പോകാന്‍ ഇവര്‍ക്ക് മൂന്നുമണിക്കൂര്‍ അധികം സമയം നല്‍കി.

എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും അനധികൃതമായി നിര്‍മിച്ച കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞുപോകാതെ ആയതോടെ പുലര്‍ച്ചെ ആറോടെ കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മീററ്റ് കണ്‍ടോണ്‍മെന്റ് ബോര്‍ഡ് അധികൃതര്‍ക്കെതിരെ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Top