തൃശ്ശൂരില്‍ നാല് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി

missing

തൃശ്ശൂര്‍ : തൃശൂര്‍ ചാലക്കുടിക്ക് സമീപം മേലൂരില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയാണ് വെള്ളിയാഴ്ച വൈകിട്ട് കാണാതായത്.

വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ വിട്ട് ഇവര്‍ നാല് പേരും ഒരുമിച്ചാണ് ഇറങ്ങിയത്. വിദ്യാര്‍ത്ഥികളെ ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു ദിവസത്തിനിടെ കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് ആറ് പെണ്‍കുട്ടികളെ കാണാതായത്.

തൃശ്ശൂര്‍ സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു അന്വേഷണ ചുമതല. കമിതാക്കള്‍ക്കൊപ്പമാണ് അഞ്ച് പെണ്‍കുട്ടികള്‍ പോയതെന്ന് ആദ്യ അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാല് പെണ്‍കുട്ടികളും പോയതെന്ന് പൊലീസ് പറയുന്നു. ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമായിരുന്നു. പുതുക്കാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍ഗോഡ് നിന്ന് കിട്ടി.

വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടി നാലാം തവണയാണ് വീട് വിട്ടു പോകുന്നത്. കുടുംബപ്രശ്‌നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

Top