നാല് എംഎല്‍എമാര്‍ വിജയിച്ചു; സംസ്ഥാനത്തെ നാല് നിയമസഭ മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

കോഴിക്കോട്: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സിറ്റിങ് എം.എല്‍.എമാര്‍ വിജയമുറപ്പിച്ചതോടെ സംസ്ഥാനത്തെ നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ്, അരൂര്‍ നിയമസഭ മണ്ഡലങ്ങളാണ് ഇനി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

കോന്നി എം.എല്‍.എ.യായ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ എ. സമ്പത്ത് എം.പിയെ അട്ടിമറിച്ചാണ് ലോക്സഭയിലെത്തുന്നത്. സി.പി.എം. ഉറച്ച സീറ്റെന്ന് വിശ്വസിച്ചിരുന്ന ആറ്റിങ്ങലില്‍ മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ലീഡ് നേടിയാണ് അടൂര്‍ പ്രകാശ് വിജയിച്ചത്. എറണാകുളം നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഹൈബി ഈഡനും ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയ തീരം തൊട്ടു. വടകരയില്‍ എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ. മുരളീധരന്റെ മുന്നേറ്റം. ഇതോടെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകും. അരൂര്‍ എംഎല്‍എയായ എ.എം ആരിഫ് കേരളത്തില്‍ സിപിഎമ്മിന്റെ ചുവപ്പ് കൊടിപാറിച്ച ഏക എംഎല്‍എയാണ്. ആരിഫ് ലോക്സഭയിലേക്കെത്തുന്നതോടെ അരൂരിലും ഉടന്‍തന്നെ ഉപതിരഞ്ഞെടുപ്പുണ്ടാകും.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ആകെ ഒമ്പത്എം.എല്‍.എമാര്‍ മത്സരിച്ചെങ്കിലും അഞ്ച് പേര്‍ പരാജയപ്പെടുകയായിരുന്നു. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍, ആറന്മുള എം.എല്‍.എ. വീണ ജോര്‍ജ്. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ. എ. പ്രദീപ് കുമാര്‍,നെടുമങ്ങാട് എം.എല്‍.എ. സി. ദിവാകരന്‍, അടൂര്‍ എം.എല്‍.എ. ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് പരാജയപ്പെട്ടത്.

Top