ശിവകാശിയില്‍ പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് നാല് മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

വിരുദുനഗര്‍: തമിഴ്‌നാട് ശിവകാശിക്ക് സമീപം പുദുപട്ടിയില്‍ പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് നാല് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് ഇനിയും ആളുകളെ തിരിച്ചറിയാനുണ്ടെന്ന് അഗ്‌നി രക്ഷാസേന പറഞ്ഞു.

അഗ്‌നി രക്ഷാസേനയും പൊലീസും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോറിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കണ്ടെത്തി. തൊഴിലാളികള്‍ രാസവസ്തുക്കള്‍ കലര്‍ത്തിയതാകാമെന്നും അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നുമാണ് നിഗമനം.

പൊട്ടിത്തെറിയില്‍ ഏകദേശം അഞ്ച് ഷെഡ്ഡുകളും സ്‌റ്റോറിന്റെ പ്രധാന ഭാഗങ്ങളും തകര്‍ന്നു. ശിവകാശിയിലെയും വാതിരൈരുപ്പിലെയും ഫയര്‍ സ്‌റ്റേഷനില്‍ നിന്നുമെത്തിയ ഇരുപത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫാക്ടറിയില്‍ അലുമിനിയം പൗഡര്‍ ഉണ്ടായിരുന്നത് തീയണയ്ക്കുന്നതിന് വെല്ലുവിളിയായി.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. സംഭവത്തില്‍ നാദംപട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Top