ട്രെയിനില്‍ നാലുപേരുടെ കൊലപാതകം; മാനസിക പ്രശ്നങ്ങളില്ലെന്ന് കുറ്റപത്രം

ന്യൂഡല്‍ഹി: സര്‍വീസ് തോക്കുപയോഗിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിയായ ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് കുറ്റപത്രം. ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ ജൂലായ് 31-നായിരുന്നു സംഭവം. താന്‍ ചെയ്യുന്നതിനെക്കുറിച്ച് ഇയാള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നുവെന്നും ഗവണ്‍മെന്റ് റെയില്‍വേ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

മുസ്ലിങ്ങളായ യാത്രക്കാരെ തിരഞ്ഞുപിടിച്ചാണ് ചേതന്‍ സിങ് വകവരുത്തിയതെന്നാണ് സാക്ഷിമൊഴികള്‍. കൊലപാതകം, രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വൈരാഗ്യം വളര്‍ത്തുക തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പല വകുപ്പുകളാണ് ചേതന്‍ സിങ്ങിനെതിരേ ചേര്‍ത്തിരിക്കുന്നത്.

ചേതന്‍ സിങ്ങിന്റെ വെടിയേറ്റ് എ.എസ്.ഐ. ടീക്കാറാം അടക്കം നാലുപേരായിരുന്നു മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്റ്റേഷന്‍ പിന്നിട്ട ശേഷമായിരുന്നു ആക്രമണം. വാക്കുതര്‍ക്കം പോലും ഉണ്ടായിരുന്നില്ലെന്നും പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നും നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.ട്രെയിന്‍ നമ്പര്‍ 12956 ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ ജൂലായ് 31-ന് 5.23-ഓടെയായിരുന്നു സംഭവം.

 

Top