Four Indian youths ‘planning to join ISIS’ arrested in Syria

ന്യൂഡല്‍ഹി: ഐഎസില്‍ ചേരാനെത്തിയ നാല് ഇന്ത്യന്‍ യുവാക്കള്‍ സിറിയയില്‍ പിടിയിലായി. ഇവരുടെ വിവരങ്ങള്‍ ഉടന്‍ കൈമാറാന്‍ സിറിയ ഇന്ത്യയോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സിറിയന്‍ ഉപപ്രധാനമന്ത്രി വാലിദ് അല്‍ മൗലമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദമാസ്‌ക്കസില്‍ നിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഡിസംബര്‍ അവസാനം ഐഎസില്‍ ചേരാനെത്തിയ മൂന്നു യുവാക്കളെ നാഗ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടിയിരുന്നു.

ഐഎസിന് വേണ്ടി 23 ഇന്ത്യാക്കാര്‍ തോക്കേന്തിയിട്ടുണ്ടെന്നാണ് സിറിയ കരുതുന്നത്. ഇതില്‍ ആറ് പേര്‍ മരിച്ചതായും കരുതുന്നു. ഐ.സില്‍ മലയാളികളുമുണ്ടെന്നും നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സൗദി അറേബ്യയും, തുര്‍ക്കിയും ഖത്തറും ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് സിറിയന്‍ ഉപപ്രധാനമന്ത്രി ആരോപിച്ചു. ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ സിറിയയെ സഹായിക്കുന്ന റഷ്യയോട് അദ്ദേഹം നന്ദി പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും അതിനായി ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിനും ധാരണയിലെത്തുകയാണ് മുലാം ഇന്ത്യ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, ഇറാഖില്‍ ഐഎസിന്റെ തടവില്‍ കഴിയുന്ന 39 ഇന്ത്യക്കാരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സിറിയുടെ വിദേശകാര്യ മന്ത്രികൂടിയായ മുലാം തള്ളി. ഇറാഖി സൈന്യത്തിന്റെ തടവിലായിരുന്നു ഇവരെങ്കില്‍ തങ്ങള്‍ക്ക് രക്ഷിക്കാമായിരുന്നു. പക്ഷെ ഐഎസിന്റെ തടവില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് മുലാം പറയുന്നത്.

Top