ഇന്ത്യ-ചൈന സംഘര്‍ഷം; മരണസംഖ്യ ഉയര്‍ന്നേക്കും, പ്രതികരിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഗല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യത്തെ അറിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തും കൂടുതല്‍ ആള്‍ നാശം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ഇരുഭാഗത്തുമായി ഇരുനൂറോളം ജവാന്മാരാണ് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭാഗത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ പലരും ഏറെ താഴെയുള്ള ഗല്‍വാന്‍ നദിയിലേക്കുവീഴുകയായിരുന്നുവെന്നാണു സൂചന.

കുത്തൊഴുക്കുള്ള നദിയില്‍ തിരച്ചില്‍ നടത്തി കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. കനത്ത ശൈത്യവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. പരുക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൂടുതല്‍ സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. മാത്രമല്ല അതിര്‍ത്തിക്കടുത്തുള്ള സൈനികകേന്ദ്രങ്ങളിലേക്കു കൂടുതല്‍ ആയുധവിന്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൈനികരെ രംഗത്തെത്തിക്കാനാണൊരുങ്ങുന്നത്.

Top