മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച കേസ്; 2 സൈനികര്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

തൊടുപുഴ : നഗരത്തിലെ ബാറിനു സമീപമുണ്ടായ സംഘര്‍ഷം പരിഹരിക്കാന്‍ എത്തിയ പ്രിന്‍സിപ്പല്‍ എസ്ഐ എം.പി.സാഗര്‍ ഉള്‍പ്പെടെ 2 പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്ക്. സംഭവത്തില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റിലായി.

തൊടുപുഴ കരിക്കോട് സ്വദേശികളായ പുത്തന്‍പുരയില്‍ കൃഷ്ണകുമാര്‍ (31), കാരക്കുന്നേല്‍ അരുണ്‍ കെ. ഷാജി (28) , സഹോദരന്‍ അമല്‍ കെ. ഷാജി (23) കൃഷ്ണകുമാറിന്റെ ബന്ധു മങ്ങാട്ടുകവല തൊട്ടിപ്പറമ്പില്‍ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. സൈന്യത്തില്‍ നഴ്‌സിങ് അസിസ്റ്റന്റാണ് കൃഷ്ണകുമാര്‍. അരുണ്‍ കെ.ഷാജി സൈന്യത്തില്‍ മെക്കാനിക്കാണ്. ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന ഇവര്‍ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.

തൊടുപുഴ ടൗണില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി പതിനൊന്നരയോടെ തൊടുപുഴ ടൗണിലെ ബാറിന് മുന്നില്‍ നാലുപേര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. എസ്ഐ എം പി സാഗറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടിച്ചു മാറ്റുന്നതിനിടെ സംഘം എസ്ഐ ഉള്‍പ്പെടെുള്ളവരെ മര്‍ദിക്കുകയായിരുന്നു.

എസ്ഐയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് യൂണിഫോം വലിച്ചു കീറിയ സംഘത്തെ കൂടുതല്‍ പൊലീസ് എത്തിയാണ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്. എസ്ഐ എം പി സാഗര്‍, ഡ്രൈവര്‍ രോഹിത് എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരുക്കേറ്റിരുന്നത്. എസ്ഐ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Top