Four important phone calls are behind the Mani’s resignation

ബാര്‍കോഴയില്‍ കെ എം മാണി രാജിവച്ചെങ്കിലും അദ്ദേഹത്തെ ഒരിഞ്ച് കൈവിടാന്‍ മുഖ്യമന്ത്രി തയ്യാറല്ല. നിയമസഭയില്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ സഭയുടെ മുന്‍നിരയില്‍ തന്നെ മാണി ഇരിക്കും. ഒരു കേരളകോണ്‍ഗ്രസ് എം നേതാവ് പറഞ്ഞത് സഭയില്‍ മാണിയുടെ ശൗര്യംഅനുഭവിച്ചറിയാനാണ്. കൂട്ടത്തില്‍ അദ്ദേഹം വ്യക്തമാക്കിയത് മാണിയുടെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നാല് ടെലിഫോണ്‍ കോളുകളെ കുറിച്ചും. മാണിക്കെതിരെ കോണ്‍ഗ്രസിനുളളില്‍ ഗൂഢാലോചന നടന്നതിന് വ്യക്തമായ തെളിവായി ഈ നാല് ടെലിഫോണ്‍ കോളുകളാണ് പ്രധാനമായും നേതാവ് ഉയര്‍ത്തിക്കാട്ടുന്നത്.

മുപ്പത്തിരണ്ട് മണിക്കൂറിനിടയിലെ നാല് ടെലിഫോണ്‍ കോളുകള്‍. ഹൈക്കോടതി വിധിക്കും മാണിയുടെ രാജിക്കും ഇടയില്‍ യു ഡി എഫ് രാഷ്ട്രീയം നിശ്ചലമായിപ്പോയ മുപ്പത്തി രണ്ടു മണിക്കൂര്‍. കേരള രാഷ്ട്രീയചരിത്രത്തില്‍ ഈ മുപ്പത്തിരണ്ട് മണിക്കൂര്‍ രേഖപ്പെടുത്തുക കെ എം മാണിയെന്ന രാഷ്ട്രീയ അതികായകന്റെ വീഴ്ചയുടെ നാടകീയ മണിക്കൂറുകള്‍ എന്നാകും.

മുപ്പത്തിരണ്ട് മണിക്കൂറിലെ നാല് ടെലിഫോണ്‍ കോളുകള്‍. നാല് പ്രധാനനേതാക്കളുടെ നിലപാടും ഇടപെടലും, അവര്‍ മാധ്യമങ്ങളെ ഉപയോഗിച്ച വഴിയും. അതിലെ നാടകീയതയുമാണ് കെ എം മാണിയുടെ രാജിക്ക് കാരണമായി നേതാവ് ചൂണ്ടിക്കാട്ടുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവയ്‌ക്കേണ്ട കാര്യമില്ല. കാരണം നിയമപരമായി നോക്കിയാല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് പല തരത്തിലും തിരുത്തി മാണിക്ക് അനുകൂല വിധിയാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത് എന്നാണ് നേതാവിന്റ പക്ഷം.

രാഷ്ട്രീയമായും നിയമപരമായും ഏറെ അനുകൂലമായ സാഹചര്യം അട്ടിമറിക്കപ്പെട്ട പരിഭവവും അമര്‍ഷവും ഇപ്പോഴും കെ എം മാണി വിശ്വസ്തരുമായി പങ്കുവയ്ക്കുന്നു. മാണി പങ്കുവയ്ക്കുന്ന ശക്തമായ നീരസം അതിന് കാരണക്കാരായ നാല് നേതാക്കള്‍ക്കെതിരെ വരുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ പ്രതിഫലിക്കാനുളള സാധ്യത ഏറെയെന്നും മുന്നറിയിപ്പുണ്ട്. ആ നീക്കത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പിന്തുണയ്ക്കുക കൂടി ചെയ്താല്‍ ഈ നേതാക്കളുടെ നിയമസഭാ പ്രവേശനം ബുദ്ധിമുട്ടാകും എന്നും അഭിപ്രായപ്പെടുന്നു

സീസറിന്റെ ഭാര്യ സംശയത്തിന് അതീത ആകണം എന്ന ഹൈകോടതി പരാമര്‍ശം വന്ന ഉടനെ മാധ്യമങ്ങളെ ഉപയോഗിച്ച് നാല് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നീക്കങ്ങളില്‍ പകയും ദുരൂഹതയും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് മാണി അനുകൂല നേതാക്കളുടെ വിശ്വാസം. അതിനാധാരമായി ഉയരുന്ന ചോദ്യങ്ങള്‍ ചുവടെ.

1. ഹൈക്കോടതി വിധി വന്ന ദിവസം ട്രയിന്‍ യാത്രയ്ക്കിടെ വി എം സുധീരന്‍ എന്തിന് തിടുക്കത്തില്‍ മാണിക്ക് എതിരെന്ന് സൂചിപ്പിപ്പിക്കുന്ന പ്രസ്താവന മാധ്യങ്ങള്‍ക്ക് നല്‍കി.

2.ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ പുറത്ത് വരും മുമ്പ് പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യും മുമ്പ് വി.ഡി.സതീശനും ടി എന്‍ പ്രതാപനും എന്തിന് മാധ്യമചര്‍ച്ചകളില്‍ പങ്കെടുത്ത് മാണിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തി. ആരാണ് ഈ നേതാക്കള്‍ക്ക് ധൈര്യമായത്.

3. മാണിയുടെ രാജി അനിവാര്യം എന്ന തരത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതായുളള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിച്ചതെങ്ങനെ. മുല്ലപ്പളളി രാമചന്ദ്രന്‍ നിരന്തരം സുധീരനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിടത്താണ് ദില്ലി ഇടപെടല്‍ വ്യാഖ്യാനിക്കപ്പെട്ടതെന്നും മാണി അനുകൂല നേതാക്കള്‍ സംശയിക്കുന്നു.

മുന്നണിബന്ധത്തിന്റെ എല്ലാ ധര്‍മ്മവും വി എം സുധീരനും വി ഡി സതീശനും ടി എന്‍ പ്രതാപനും മുല്ലപ്പളളി രാമചന്ദ്രനും ലംഘിച്ചെന്ന പരാതി കേരള കോണ്‍ഗ്രസില്‍ ശക്തമായി നിലനില്‍ക്കുന്നു. പാര്‍ട്ടികള്‍ക്കും മുന്നണിക്കും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാന്‍ സമയം ലഭിക്കും മുമ്പ് മാണിക്ക് അനുകൂല സാഹചര്യങ്ങളെ മാധ്യമങ്ങളില്‍ കൂടി മരവിപ്പിച്ച് ഹൈജാക്ക് ചെയ്തത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് എന്നാണ് കെ എം മാണിയുടെ അനുമാനം. ഇതിന് കാരണമായത് സുധീരന്റെ പക എന്നും നേതാവ് അഭിപ്രായപ്പെടുന്നു.

നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടണമെന്ന സുധീരന്‍ ക്യാമ്പയിനെ ഉമ്മന്‍ചാണ്ടി അട്ടിമറിച്ചത് സമ്പൂര്‍ണ്ണ മദ്യനിരോധന പ്രഖ്യാപനം വഴിയായിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിക്ക് കലവറയില്ലാത്ത പിന്തുണ നല്‍കിയത് കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും. അന്ന് കുറിച്ചിട്ട കണക്ക് സുധീരന്‍ മാണിക്കിട്ട് തീര്‍ത്തു. സുധീരന്റേയും, എ കെ ആന്റണിയുടെ മാനസപുത്രന്‍, മുല്ലപ്പളളി രാമചന്ദ്രന്റേയും അറിവോടെയാണ് വി ഡി സതീശനും ടി എന്‍ പ്രതാപനും മാധ്യമങ്ങളില്‍ നിറഞ്ഞാടിയതെന്നാണ് മാണി അനുകൂലികളുടെ വിശ്വാസം. ഈ തിമിര്‍ത്താടല്‍ വരും നാളില്‍ താങ്കള്‍ക്ക് നേരെ ആകും എന്ന് രാജിക്ക് ശേഷം കാണാനെത്തിയ ഉമ്മന്‍ചാണ്ടിയോട് മാണി പരസ്യമായി പറഞ്ഞത്രേ. വരാന്‍ പോകുന്ന പാര്‍ട്ടി പുന:സംഘടന കോണ്‍ഗ്രസ്സില്‍ പലതിന്റേയും നാന്ദി കുറിക്കല്‍ ആകും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പങ്ക് വയ്ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയോട് മാണി നടത്തിയ പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

S V Pradeep (മാധ്യമ പ്രവര്‍ത്തകന്‍) 9495827909

Top