Four held in conspiracy to kill Chhota Rajan

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നാലു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയായ ഛോട്ടാ ഷക്കീലിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാടകക്കൊലയാളികള്‍ കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. റോജര്‍ റോബിണ്‍സണ്‍, ജുനൈദ്, യൂനസ്, മനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തീഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജനെ ജയിലില്‍വെച്ച് വധിക്കാനാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്.

ഇവര്‍ നിരന്തരമായി ഛോട്ടാ ഷക്കീലുമായി ബന്ധപ്പെട്ടത്തിന്റെ ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ആയുധങ്ങള്‍ കൈമാറുന്നത് അടക്കമുള്ള സംഭാഷണങ്ങള്‍ അടങ്ങിയതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പിടിയിലായവരെ നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ ദിവസം തിഹാര്‍ ജയിലിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമം നടക്കുന്നതായി സന്ദേശം വന്നിരുന്നു. അതീവ സുരക്ഷ സന്നാഹങ്ങളുള്ള തിഹാര്‍ ജയിലിലും വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഛോട്ടാ രാജനുള്ള സുരക്ഷ ശക്തമാക്കി. ഛോട്ടാ രാജന്‍ കൊല്ലപ്പെട്ടേക്കുമെന്നും അതുകൊണ്ട് സുരക്ഷ ശക്തമാക്കിക്കോളൂവെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച സന്ദേശം.

ജയിലിലെ ലാന്റ്‌ഫോണിലേക്കും ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തി അജ്ഞാതന്റെ ഫോണ്‍സന്ദേശം വന്നു. 91504265138 എന്ന നമ്പറില്‍ നിന്നാണ് സന്ദേശം വന്നത്. ഛോട്ടാ രാജന്റെ അന്ത്യം അടുത്തുവെന്നും നിങ്ങള്‍ എത്രകാലം ഈ പന്നിയെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തുമെന്നും താന്‍ എത്രയും പെട്ടന്ന് അത് ചെയ്യുമെന്നും സന്ദേശത്തിലുണ്ട്.

ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ പട്ടികയിലുണ്ടായിരുന്ന ഛോട്ടാ രാജനെ 27 വര്‍ഷത്തിന് ശേഷം ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു, ഡല്‍ഹിയിലും മുംബൈയിലുമായി നടന്ന എഴുപതോളം കൊലക്കേസുകളിലും കള്ളക്കടത്തു കേസിലും പ്രതിയാണ് രാജന്‍.

Top