ഇന്ത്യൻ വിപണി കീഴടക്കാൻ നാല് ഇ-സ്‍കൂട്ടറുകൾ

ഉയർന്ന വേഗതയും മികച്ച റേഞ്ചു വാഗ്‍ദാനം ചെയ്യുന്ന ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഇതൊരു നല്ല അവസരമാണ്. ഉത്സവ സീസണായതിനാൽ മികച്ച ഓഫറുകളാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. നല്ല മൈലേജുമായി വരുന്ന അതിവേഗ ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് ഈ ദിവസങ്ങളിൽ ഡിമാൻഡ് വളരെയധികം വർധിച്ചിരിക്കുകയാണ്. നിങ്ങൾക്കും നല്ല മൈലേജുള്ള ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ, ടി വി എസ്, ആഥര്‍, ഇവിയെം, ഒഡീസി തുടങ്ങിയ കമ്പനികളുടെ ഇലക്ട്രിക് സ്‍കൂട്ടറുകൾ ഏകദേശം 150 കിമി റേഞ്ചുമായി വരുന്നുണ്ട്. ഇതാ അവയെപ്പറ്റി അറിയേണ്ടതെല്ലാം

ഏഥർ 450X ജെൻ 3

ഉയർന്ന ശ്രേണിയിലുള്ള ഒരു സ്കൂട്ടർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഏഥർ 450X ജെൻ 3 ഒരു മികച്ച ഓപ്ഷനാണ്. പൂർണമായി ചാർജ് ചെയ്താൽ 146 കിലോമീറ്റർ സഞ്ചരിക്കും. 74Ah കപ്പാസിറ്റിയുള്ള 3.7 kWh ലിഥിയം-അയൺ ബാറ്ററിയാണ് ഈ സ്‍കൂട്ടറിന്‍റെ ഹൃദയം. റാപ്പ്, സ്‍പോര്‍ട്, റൈഡ്, സ്‍മാര്‍ട്ട് ഇക്കോ തുടങ്ങിയ റൈഡിംഗ് മോഡുകളും ഇതിലുണ്ട്. ഈ ബാറ്ററിയുടെ ചാർജിംഗ് സമയം (0-80 ശതമാനം ഹോം ചാർജിംഗ്) നാല് മണിക്കൂർ 30 മിനിറ്റാണ്. അതേസമയം പൂജ്യത്തില്‍ നിന്നും 100 ശതമാനം ഹോം ചാർജിംഗ് സമയം അഞ്ച് മണിക്കൂറും 40 മിനിറ്റുമാണ്. എൽഇഡി ബാക്ക്‌ലൈറ്റിനൊപ്പം 7 ഇഞ്ച് എൽസിഡി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ഇതിന് ലഭിക്കുന്നു. തത്സമയ വേഗത, ചാർജിംഗ്, റേഞ്ച്, കണക്റ്റിവിറ്റി സ്റ്റാറ്റസ് തുടങ്ങി ആവശ്യമായ എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കാൻ ഈ സ്‌ക്രീനിന് കഴിയും. ഏഥർ 450X ജെൻ 3 ഇലക്ട്രിക് സ്‌കൂട്ടറിന് 1.39 ലക്ഷം രൂപയാണ് ഡൽഹി എക്സ്-ഷോറൂം വില.

ടിവിഎസ് ഐക്യൂബ്

ഉയർന്ന വേഗതയും ഉയർന്ന മൈലേജും ഉള്ള ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പുതിയ ടിവിഎസ് ഐക്യൂബ് മികച്ച ഒരു ഓപ്ഷനാണ്. 2022 ടിവിഎസ് ഐക്യൂബ്ന്റെ പ്രാരംഭ വില 98,564 രൂപയിൽ (ഓൺ-റോഡ്, ദില്ലി) ആരംഭിക്കുന്നു. ഐക്യൂബ് എസ്, ST മോഡലുകളിൽ 2022 ടിവിഎസ് ഐക്യൂബ് ലഭ്യമാണ്. ഐക്യൂബിന്റെ അടിസ്ഥാന, എസ് മോഡലുകൾക്ക് 100 കിലോമീറ്റർ റേഞ്ചും 78 കിലോമീറ്റർ വേഗതയുമാണ് ലഭിക്കുന്നത്. ടോപ്പ് എസ്ടി മോഡലിന് 140 കിലോമീറ്റർ റേഞ്ചും 82 കിലോമീറ്റർ വേഗതയുമുണ്ട്. സ്റ്റാൻഡേർഡ്, എസ് മോഡലുകൾക്ക് അഞ്ച് ഇഞ്ച് കളർ TFT ഡിസ്‌പ്ലേയുണ്ട്. അതേസമയം ST വേരിയന്റിന് 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ലഭിക്കുന്നു. ഐക്യൂബ് 3 ലിഥിയം-അയൺ ബാറ്ററി പാക്ക്. IP67 റേറ്റിംഗോടെയാണ് ബാറ്ററി പായ്ക്ക് വരുന്നത്. ബാറ്ററി പാക്കിന് 3 വർഷം / 50,000 കിലോമീറ്റർ വാറന്റിയുണ്ട്. ടോപ്പ് എൻഡ് വേരിയന്റായ ഐക്യൂബ് എസ്‍ടി 4.4 kW (~6 hp) പീക്ക് മോട്ടോർ ഔട്ട്പുട്ടിൽ റേറ്റുചെയ്‍തിരിക്കുന്നു.

ഒഡീസി V2+

ഒഡീസ് വി2+ ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് സ്‍കൂട്ടർ കൂടിയാണ്. കമ്പനിയുടെ വെബ്‌സൈറ്റിൽ 100,450 രൂപയാണ് ഇതിന്റെ വില. ഡ്യുവൽ വാട്ടർ റെസിസ്റ്റന്റ് ഐപി 67 സർട്ടിഫൈഡ് ബാറ്ററി പായ്ക്ക് ഈ സ്‌കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ഫുൾ ചാർജിൽ 150 കിലോമീറ്റർ റൈഡിംഗ് റേഞ്ച് നൽകാൻ കഴിവുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. മൂന്ന് നിറങ്ങളിലാണ് കമ്പനി ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. ആന്റി തെഫ്റ്റ് ലോക്ക്, പാസീവ് ബാറ്ററി കൂളിംഗ്, 12 ഇഞ്ച് ഫ്രണ്ട് ടയർ, എൽഇഡി ലൈറ്റുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിൽ നിങ്ങൾക്ക് ലഭിക്കും.

എവിയം സാർ

റിട്രോ ലുക്കിലുള്ള ഒരു ഇലക്ട്രിക് സ്‍കൂട്ടർ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് എവിയെമ്മിൽ നിന്നുള്ള സാര്‍ ഇലക്ട്രിക് സ്‍കൂട്ടർ പരീക്ഷിക്കാം. സാര്‍ ഇലക്ട്രിക് സ്കൂട്ടറിന് 42Ah ബാറ്ററി ലഭിക്കുന്നു. കൂടാതെ 4000W റേറ്റുചെയ്‍ത ഒരു ശക്തമായ മോട്ടോർ സജ്ജീകരിച്ചിരിക്കുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 85 കിലോമീറ്ററാണ്. ഇതിന് ഒറ്റ ചാർജിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ എടുക്കും. ഗ്ലോസി ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, ഗ്ലോസി റെഡ്, ലൈറ്റ് ബ്ലൂ, മിന്റ് ഗ്രീൻ, വൈറ്റ് നിറങ്ങളിൽ ഇത് വരുന്നു. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾക്ക് പുറമെ, കീലെസ് സ്റ്റാർട്ട്, ആന്റി തെഫ്റ്റ് ഫീച്ചർ, എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, മൊബൈൽ കണക്റ്റിവിറ്റി, ഫൈൻഡ് മൈ വെഹിക്കിൾ ഫീച്ചർ, റിയൽ ടൈം ട്രാക്കിംഗ്, ഓവർ സ്പീഡ് അലേർട്ട്, ജിയോഫെൻസിംഗ് പോലുള്ള ഫീച്ചറുകളും നൽകിയിട്ടുണ്ട്. ഇതിന് പുറമെ റിവേഴ്സ് മോഡ് സൗകര്യവും ലഭിക്കും. 2.16 ലക്ഷം രൂപയാണ് ഈ സ്‍കൂട്ടറിന്റെ എക്സ് ഷോറൂം വില.

Top