ഡല്‍ഹിയില്‍ വീടിന് തീപിടിച്ച് നാല് മരണം; ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയിലും മറ്റും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ ഷഹ്ദരാ പ്രദേശത്തായിരുന്നു സംഭവം. അഞ്ചോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ്‌ തീ അണച്ചത്.

‘വൈകിട്ട് അഞ്ചരയോടെയാണ് വീടിന് തീപിടിച്ചതായി സന്ദേശം ലഭിച്ചത്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആറരയോടെ വീണ്ടും പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. വീടിന്റെ ഒന്നാംനിലയില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍-കട്ടിങ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്,’ – ഡല്‍ഹി അഗ്നിശമനസേനാ മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പരിസരവാസികളുടെ സഹായത്തോടെയാണ് കെട്ടിടത്തിനുള്ളില്‍ നിന്നും മൂന്നുപേരെ രക്ഷപെടുത്തിയത്. ഇതിനുശേഷമാണ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയത്. ഒരു കുട്ടിയെയടക്കം ബാക്കി മൂന്നുപേരെ രക്ഷപെടുത്തിയത് ഇവരാണ്. എല്ലാവരേയും ഉടന്‍തന്നെ അടുത്തുള്ള ജി.ടി.ബി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എല്ലാവരും അര്‍ധബോധാവസ്ഥയിലായിരുന്നു. ഇവരില്‍ നാലുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 28-ഉം 40-ഉം വയസുള്ള രണ്ട് സ്ത്രീകളും ഒമ്പത് മാസം പ്രായമായ ഒരു കുഞ്ഞും 17 വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. 16 വയസുള്ള ഒരു പെണ്‍കുട്ടിയും 70 വയസുള്ള സ്ത്രീയും ചികിത്സയിലാണ്.

തീപിടിച്ച നാലുനില കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് വരാന്‍ ഒരു പടിക്കെട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ താഴത്തെ രണ്ടുനില കെട്ടിട ഉടമയായ ഭരത് സിങാണ് ഉപയോഗിച്ചിരുന്നത്. മുകളിലത്തെ രണ്ടുനില വാടകയ്ക്ക് നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഭരതിനെതിരെ കേസെടുത്തതായും ഡോല്‍ഹി പോലീസ് അറിയിച്ചു.

തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി ഫോറന്‍സിക് വിദഗ്ധരെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് മുന്‍പ് സമാനമായ രീതിയില്‍ ഡല്‍ഹിയിലെ പിതംപുരയിലും തീപിടിത്തം ഉണ്ടായിരുന്നു. ജനുവരി 18-ന് നടന്ന ആ അപകടത്തില്‍ വ്യത്യസ്ത കുടുംബങ്ങളില്‍ പെട്ട നാല് സ്ത്രീകളടക്കം ആറുപേരാണ് മരിച്ചത്.
Top