Four Dalit Youths Beaten Up for ‘Eating Beef’ in Karnataka

ചിക്കമംഗലൂര്‍: ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ തുകല്‍ ഉരിഞ്ഞെന്നാരോപിച്ച് നാല് ദളിത് യുവാക്കളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ രാജ്യമെങ്ങളും പ്രതിഷേധം ഉയരുന്നതിനിടയില്‍ കര്‍ണാടകത്തിലും സമാനമായ അതിക്രമം. പുശുവിനെ മോഷ്ടിച്ച് കൊന്നുതിന്നു എന്ന് ആരോപിച്ച് അഞ്ച് ദളിതരെ സംഘപരിവാര്‍ സംഘടനയായ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൂട്ടമായി മര്‍ദ്ദിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം.

ജയപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാന്തിപുരയില്‍ ജൂലൈ 10നായിരുന്നു അക്രമമുണ്ടായത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയും പൊലീസിന്റെ അനാസ്ഥയും കാരണം വിവരം പുറത്തുവന്നിരുന്നില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വിവരം ഇപ്പോള്‍ പുറത്തുവന്നത്. അക്രമത്തിനിരയായ അഞ്ചുപേരും കര്‍ഷകരാണ്. ബലരാജ് (56), മുത്തപ്പ (26), ധനുഷ് (24), സന്ദീപ് (20) രമേഷ് (35) എന്നിവരെയാണ് സംഘടിതമായി വീടുകയറി ആക്രമിച്ചത്. ബലരാജിന്റെ കയ്യും സന്ദീപിന്റെ കാലും അക്രമികള്‍ അടിച്ചൊടിച്ചു.

മുത്തപ്പയുടെ വീട്ടിലേക്ക് 25ഓളം വരുന്ന സംഘം രാത്രി 11 മണിയൂടെ എത്തിയായിരുന്നു അക്രമം. ഞങ്ങളെല്ലാവരും ആഹാരം കഴിക്കാനായി എല്ലാവരും ഒരുമിച്ചിരുന്നതായിരുന്നു. ബീഫും ഇതിനൊപ്പമുണ്ടായിരുന്നു. പശുവിനെ മോഷ്ടിച്ചുകൊണ്ടുവന്ന് കൊന്നുതിന്നുവല്ലേ എന്ന് ആക്രോശിച്ചായിരുന്നു അക്രമം. ഗ്രാമത്തില്‍ തന്നെയുള്ള മയപ്പ ഗൗഡയാണ് തങ്ങള്‍ക്ക് കാളയെ തന്നത്. ഇക്കാര്യം അക്രമികളോട് പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല. അക്രമം നടക്കുമ്പോള്‍ തന്നെ പൊലീസ് എത്തി. പക്ഷെ മര്‍ദനത്തില്‍നിന്ന് തങ്ങളെ രക്ഷിക്കാനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് മര്‍ദ്ദനമേറ്റവര്‍ പറയുന്നത്.

ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകരുടെ മര്‍ദനത്തിന് പിന്നാലെ പൊലീസ് ഇവരില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കര്‍ണാടക പശുസംരക്ഷണ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് പൊലീസ് കേസ് രജിസറ്റര്‍ ചെയ്‌തെങ്കിലും ബജ് രംഗദള്‍ പ്രവര്‍ത്തകര്‍ വീടുകയറി നടത്തിയ അക്രമത്തിന് കേസ് എടുത്തില്ല.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബലരാജ് പിന്നീട് ബംജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ല. അനു, സന്തോഷ്, സന്ദീപ്, മഞ്ജു, രാജേഷ്, സുന്ദരേഷ് എന്നിവരെ പേരെടുത്ത് പറഞ്ഞായിരുന്നു പരാതി നല്‍കിയിരുന്നത്. അക്രമം നടന്നതായി പൊലീസ് സമ്മതിക്കുന്നുവെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ കുറിച്ച് ഒന്നും പറയുന്നുല്ല.

പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നില്ല അക്രമം. ഞങ്ങള്‍ അവിടെ എത്തുന്നതിന് മുമ്പേ തന്നെ കാളയെ അറുത്തിരുന്നു. ഇറച്ചി പിടിച്ചെടുത്ത് അവര്‍ക്കെതിരെ പശുസംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കുകകയും ചെയ്തു. ഇതില്‍ അന്വേഷണം നടക്കുകയാണെന്ന് ജയപുര പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ സിഎന്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

മനുഷ്യാവകാശ സംഘടനയാ കോമു സൗഹാര്‍ദ വേദികെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് ദളിതര്‍ക്ക് നേരെയുള്ള അക്രമം പുറത്ത് എത്തിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 28ന് പ്രക്ഷോഭം നടത്താന്‍ തയ്യാറെടുക്കുകയാണ് കോമു സൗഹാര്‍ദ വേദികെ.

Top