രണ്ട് അപകടങ്ങളിലായി നാലു കുട്ടികൾ മുങ്ങിമരിച്ചു; സംഭവങ്ങൾ തൃശൂരും മലപ്പുറത്തും

തൃശൂർ / മലപ്പുറം : രണ്ട് അപകടങ്ങളിലായി നാലു കുട്ടികൾ മുങ്ങിമരിച്ചു. തൃശൂർ കുന്നംകുളം പന്തല്ലൂരിൽ പാറകുളത്തിൽ വീണ് സഹോദരിമാരാണു മരിച്ചത്. പിതാവിനൊപ്പം കാൽ കഴുകാൻ കുളത്തിൽ ഇറങ്ങവേ ഹസ്നത്, മഷീദ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.

ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് കുട്ടികള്‍ പന്തല്ലൂരിലെത്തിയത്. അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇവരെ കരയ്ക്കുകയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം തവനൂരിൽ പുഴയിൽ കുളിക്കുന്നതിനിടെ, ബന്ധുക്കളായ കുട്ടികൾ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശിക്കളായ അശ്വിൻ, ആയുർ രാജ് എന്നിവരാണ് മരിച്ചത്.

കുറ്റിപ്പുറം എം.ഇ.എസ്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആയുര്‍രാജ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിന്റെ പിറകുവശത്തുള്ള കടവില്‍ ഫുട്‌ബോള്‍ കളിക്കാനിറങ്ങിയ വിദ്യാര്‍ഥികളാണ് മരിച്ചത്.

കളിയ്ക്കിടെ നദിയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയില്‍ മുങ്ങിത്താഴുന്ന കുട്ടികളുടെ നിലവിളി കേട്ട് സമീപത്ത് പശുവിനെ മേയ്ക്കാന്‍ വന്ന ആളുകളാണ് കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് ഇവരെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top