ലോക്ക്ഡൗണ്‍; ആസാമില്‍ പുള്ളിപ്പുലിയെ കൊന്നു, 4 പേര്‍ അറസ്റ്റില്‍

ഗുവഹാട്ടി: ലോക്ക്ഡൗണിനിടെ പുള്ളിപ്പുലിയെ കൊന്നതിന് നാല് പേര്‍ അറസ്റ്റില്‍. ജുന്മോന്‍ ഗോഗോയ്, ശക്തിം ഗോഗോയ്, തഗിറാം ഗോഗോയ്, നിത്യ നന്ദ സൈകിയ എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.

ആസാമിലെ ഗോലഘട്ട് ജില്ലയില്‍ ഏപ്രില്‍ 17-നാണ് സംഭവം. പുലിയെ കൊന്നവര്‍ അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് പുലിയുടെ ജഡം കണ്ടെടുത്തത്. വീഡിയോ ക്ലിപ്പില്‍ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പുലിയുടെ പിന്‍കാലുകള്‍ മുറിച്ചു മാറ്റിയിരുന്നുവെന്നും തൊലി, വാല്, നഖങ്ങള്‍, പല്ലുകള്‍ എന്നിവ മൃതദേഹത്തില്‍ ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഹോംഗാവ് പ്രദേശത്തെ ഒരു കാട്ടില്‍ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അതേസമയം, ഗ്രാമീണരില്‍ ചിലര്‍ പുള്ളിപ്പുലിയുടെ മാംസം കഴിച്ചുവെന്ന് പ്രതികളിലൊരാള്‍ പറഞ്ഞു. പക്ഷേ അതിന് വ്യക്തമായ തെളിവുകളൊന്നുമില്ല.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 1 പ്രകാരം പട്ടികയില്‍ പെടുത്തിയിരിക്കുന്ന സംരക്ഷിത ഇനമാണ് പുള്ളിപ്പുലി. നിയമത്തിലെ ഒന്‍പതാം വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.

Top