കാബൂളിൽ കൊല്ലപ്പെട്ടവരിൽ നാല് അമേരിക്കൻ മറീനുകളും !

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ നാല് അമേരിക്കന്‍ മറീനുകളും കൊല്ലപ്പെട്ടു. ഇവരടക്കം 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. നാല് മറീനുകള്‍ കൊല്ലപ്പെട്ട വിവരം സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റിനെതിരെ വന്‍ പ്രതിഷേധമാണ് അമേരിക്കയില്‍ ഉയര്‍ന്നിരിക്കുന്നത്.

ബൈഡന്റെ തല തിരിഞ്ഞ ഇടപെടലാണ് ദുരന്തത്തിന് കാരണമെന്നാണ് അമേരിക്കക്കാര്‍ തുടര്‍ന്നടിക്കുന്നത്. ഈ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കണമെന്ന ആവശ്യം അമേരിക്കന്‍ സൈന്യത്തിലും ശക്തമാണ്. ഇതോടെ വീണ്ടും വന്‍ സംഘര്‍ഷ സാധ്യതയാണ് ഉടലെടുത്തിരിക്കുന്നത്.

അതേസമയം, കാബൂളിലെ തുടര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റാണെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരേ രൂപത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ വക്താക്കളും സ്ഥിരീകരിച്ചു. രണ്ട് സ്‌ഫോടനങ്ങളിലായി കുട്ടികളടക്കം 40 പേര്‍ മരിച്ചെന്ന് കാബൂളിലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ താലിബാന്‍കാരുമുണ്ടെന്നാണ് വിവരം.

ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോട്ടലിന് മുന്നില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. 30 പേര്‍ക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ വിവരം. ഇവരില്‍ എത്ര പേരുടെ നില ഗുരുതരമാണെന്ന് വ്യക്തമല്ല.

മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ അഞ്ച് അമേരിക്കന്‍ സൈനികരുണ്ട്. മരിച്ചവരില്‍ അമേരിക്കന്‍ പൗരന്മാരുമുണ്ടെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്നലെ ആക്രമണം നടക്കുമെന്നാണ് വിവരം നല്‍കിയത്. എന്നാല്‍ ഇന്നാണ് ആക്രമണം നടന്നിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ അഫ്ഗാനിലെ സ്ഥിതിഗതികള്‍ ലോകമനസാക്ഷിയുടെ മുന്നില്‍ കൂടുതല്‍ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളാവുകയാണ്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റവും താലിബാന്റെ മുന്നേറ്റവുമായിരുന്നു ഇതുവരെയെങ്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണം കൂടിയായതോടെ അഫ്ഗാനിസ്ഥാന്‍ ഭീകരരുടെ പിടിയില്‍ പൂര്‍ണമായും അകപ്പെട്ടുവെന്ന് വ്യക്തമായിരിക്കുകയാണ്.

ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ അഫ്ഗാനിലെ വിദേശികള്‍ ഉള്‍പ്പെടെ വലിയ ആശങ്കയിലാണുള്ളത്.

Top