മനുഷ്യക്കടത്ത് ബന്ധം സംശയിക്കുന്ന നാല് എയർ ഇന്ത്യ ജീവനക്കാരും ഒരു യാത്രക്കാരനും അറസ്റ്റിൽ

ന്യൂഡൽഹി : മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നാല് എയർ ഇന്ത്യ ജീവനക്കാരെയും ഒരു യാത്രക്കാരനെയും അറസ്റ്റ് ചെയ്തു. എയർ ഇന്ത്യ വിമാനത്തിൽ യുകെയിലെ ബർമിങ്ഹാമിലേക്ക് യാത്ര ചെയ്യാനിരുന്ന ദിൽജോത് സിങ്ങിനെയാണ് ആദ്യം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ടെർമിനൽ മൂന്നിൽനിന്ന് ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തതിനാൽ ദിൽജോത് സിങ്ങിനെ തടഞ്ഞുവച്ചു. തെറ്റായ മാർഗങ്ങളിലൂടെയാണ് ചെക് ഇൻ നടപടികൾ പൂർത്തിയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കസ്റ്റമർ സർവീസ് അസോസിയറ്റ് രോഹൻ വർമയുടെ സഹായത്തോടെയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രവേശനം നേടിയത്. 80,000 രൂപ കൈപ്പറ്റിയാണ് യാത്രയ്ക്കാവശ്യമായ സൗകര്യം ഒരുക്കി നൽകിയതെന്ന് രോഹൻ സമ്മതിച്ചു.

മൂന്ന് ജീവനക്കാർക്കു കൂടി ഇടപാടിൽ പങ്കുണ്ടെന്നും മറ്റ് മൂന്ന് യാത്രക്കാർക്കും ഇതേ രീതിയിൽ സൗകര്യം ചെയ്തു നൽകിയെന്നും ഇയാൾ പറഞ്ഞു. ബുധനാഴ്ചയാണ് ഇവർ അറസ്റ്റിലായത്.

Top