ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായ നാലാമത്തെ ആളുടെ മൃതദേഹവും ലഭിച്ചു

പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ നാലാമത്തെ ആളുടെ മൃതദേഹം ലഭിച്ചു.

ചെമ്പുകടവ് സ്വദേശി വട്ടച്ചോട് ബിനു (42)ന്റെ മൃതദേഹമാണ് ലഭിച്ചത്. കാണാതായ മറ്റു മൂന്നു പേരുടെയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ പടിഞ്ഞാറത്തറ എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ തീരത്തടിഞ്ഞ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

പന്ത്രണ്ടാം മൈല്‍ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), മണിത്തൊട്ടില്‍ മെല്‍ബിന്‍ (34),കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സച്ചിന്‍ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയില്‍ നേരത്തെ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു. ദിവസങ്ങളായി ഇവര്‍ക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ് അവസാനമായത്.

ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗര്‍ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Top