മേഘാലയ : “ഖനിയില്‍ നിന്ന് ദുര്‍ഗന്ധം, ശുഭപ്രതീക്ഷയില്ലെന്ന്” രക്ഷാപ്രവര്‍ത്തകര്‍

മേഘാലയ: കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഖനിക്കുളളില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വരുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍. തൊഴിലാളികളുടെ മൃതദേഹത്തില്‍ നിന്നാണോ ദുര്‍ഗന്ധം വരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ സംശയം.

ഖനിക്കുളളില്‍ പരിശോധന നടത്തിയപ്പോള്‍ ദുര്‍ഗന്ധം വരുന്നുണ്ട്, തൊഴിലാളികളുടെ ശരീരത്തില്‍ നിന്നും വരുന്ന ദുര്‍ഗന്ധമാണോ ഇതെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ കഴിയില്ല. രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മേഘാലയ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെളളം പുറത്തേക്ക് കളയാന്‍ കഴിയുന്ന ശക്തിയേറിയ പമ്പില്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണം. തായ്‌ലന്റില്‍ ഗുഹക്കുളളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താന്‍ ശക്തിയേറിയ പമ്പുകള്‍ അയച്ച ഇന്ത്യയിലെ ഒരു സ്ഥാപനം മേഘാലയയിലേക്ക് പമ്പുകള്‍ അയക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്. രണ്ടാഴ്ച പിന്നിടുമ്പോഴും ഇതുവരെ ഒരാളെ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഖനിയിലെ ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തല്‍. 70 അടി വെള്ളമാണിപ്പോള്‍ ഖനിയിലുള്ളത്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിലെ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ടെങ്കിലും സമീപത്തെ നദിയിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി ഖനിയിലെ ജലനിരപ്പും ഉയരുകയാണ്.

Top