ഫോര്‍ട്ട് സ്റ്റേഷനിലെ തൂങ്ങിമരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. മജിസ്റ്റീരിയല്‍ അന്വേഷണവും നടത്തും. കരിമഠം കോളനി സ്വദേശി അന്‍സാരി (37) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ട് 5.30-ഓടെയാണ് അന്‍സാരിയെ കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ മോഷണത്തിന് നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു ഇയാളെ. കോവിഡ് ജാഗ്രതയുടെ ഭാഗമായി സ്റ്റേഷനോട് ചേര്‍ന്നുള്ള ശിശു സൗഹൃദ ജനമൈത്രി കേന്ദ്രത്തിലാണ് ഇയാളെ എത്തിച്ചത്. കരിമഠം കോളനിയില്‍ നിന്നു കസ്റ്റഡിയില്‍ എടുത്ത മറ്റു 2 പേരും ഇയാള്‍ക്കൊപ്പം ഇവിടെ ഉണ്ടായിരുന്നു.

കുറച്ച് നേരത്തിന് ശേഷം ശുചിമുറിയില്‍ കയറി വാതില്‍ അടച്ച പ്രതി ഉടുത്തിരുന്ന മുണ്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അന്‍സാരിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്‍സാരിയെ കസ്റ്റഡിയിലെടുത്തെങ്കിലും ഇക്കാര്യം സ്റ്റേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തില്ലെന്ന് ആരോപണമുണ്ട്.

അതേസമയം അന്‍സാരിയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്ന റാഫി പറയുന്നു. അയല്‍വാസിയുമായുണ്ടായ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് റാഫി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ജനമൈത്രി കേന്ദ്രത്തിലേക്ക് അന്‍സാരിയെ കൊണ്ടു വരുമ്പോള്‍ ഇയാളും മറ്റൊരാളും രണ്ട് ഹോംഗാര്‍ഡുമാരാണ് ഉണ്ടായിരുന്നത്. തന്റെ പക്കല്‍ നിന്നും ഒരു സിഗരറ്റും വാങ്ങിയാണ് അന്‍സാരി ശുചിമുറിയിലേക്ക് പോയതെന്നും റാഫി പറയുന്നു.

Top