വെടിയുതിർത്തത് നാവികസേനാ കേന്ദ്രത്തിൽ നിന്നോ; വ്യക്തത തേടി പൊലീസ്

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ദിവസങ്ങൾ പിന്നിടുമ്പോഴും ഇനിയും വ്യക്തത കൈവന്നിട്ടില്ല. വെടിവച്ചതാര് എന്നതാണ് ഇപ്പോഴും ഉയരുന്ന പ്രധാന ചോദ്യം. വെടിയുണ്ട തങ്ങളുടേതല്ലെന്ന് നേവി തറപ്പിച്ച് പറഞ്ഞതോടെ വെട്ടിലായ പൊലീസ് ഉത്തരം കണ്ടെത്താൻ വഴികൾ തേടുകയാണ്. വെടിയുണ്ട ആരുടേതെന്നത് കണ്ടെത്താനായി പൊലീസ് ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. നാവികസേനാ കേന്ദ്രത്തിൽ നിന്നാണോ വെടിയുതിർത്തതെന്നാണ് നിലവിൽ പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

ഫോർട്ടുകൊച്ചി തീരത്തുനിന്ന് ഒന്നരകിലോമീറ്റർ മാറി കടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലാണ് ആയുധ വിദഗ്ധരുടെ സഹായത്തോടെ കോസ്റ്റൽ പൊലീസ് അന്വേഷിക്കുന്നത്. നാവികസേനയാണ് വെടിവെച്ചതെന്നായിരുന്നു മത്സ്യത്തൊഴിലാളികൾ ആരോപിച്ചത്. എന്നാൽ ബോട്ടിൽ നിന്ന് കിട്ടിയ വെടിയുണ്ട പരിശോധിച്ചശേഷം ഇത് തങ്ങളുടേതല്ലെന്ന് നേവി തറപ്പിച്ച് പറഞ്ഞതോടെയാണ് പൊലീസിന് തലവേദനയായത്.

Top