അന്തിമപട്ടികക്ക് രൂപം നല്‍കല്‍; കെ സുധാകരന്‍ വീണ്ടും ഡല്‍ഹിയിലേക്ക്

k SUDHAKARAN

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചര്‍ച്ചകളില്‍ തര്‍ക്കം തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വീണ്ടും ഡല്‍ഹിക്ക് പോയേക്കും. കെ.പി.സി.സി സമര്‍പ്പിച്ച പട്ടികയില്‍ ഹൈക്കമാന്റ് നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് അന്തിമപട്ടികക്ക് രൂപം നല്‍കലാണ് ലക്ഷ്യം.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക കെ.പി.സി.സി ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡിനുണ്ട്. സ്ത്രീ സാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്താല്‍ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അതൃപ്തി കൂടി ഹൈക്കമാന്‍ഡ് കണക്കിലെടുക്കാന്‍ കെ.പി.സി.സി പട്ടിക ഇതേപടി അംഗീകരിക്കാന്‍ ഇടയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഡല്‍ഹിക്ക് പോകാന്‍ കെ സുധാകരന്‍ ആലോചിക്കുന്നത്. ഇന്നോ നാളയോ സുധാകരന്‍ ഡല്‍ഹിക്ക് പോകുമെന്നാണ് സൂചനകള്‍.

Top