formula one frenc grand prix to return in 2018 after decade long absence

നീണ്ട ഇടവേളയ്ക്കു ശേഷം ഫോര്‍മുല വണ്‍ മത്സരവേദിയായി ഫ്രാന്‍സ് തിരിച്ചെത്തുന്നു. 2018ലേക്കുള്ള മത്സര കലണ്ടറിലാണു ഫ്രഞ്ച് ഗ്രാന്‍പ്രി ഇടംപിടിക്കുന്നത്. ദക്ഷിണ ഫ്രാന്‍സിലെ സര്‍ക്യൂട്ട് പോള്‍ റികാര്‍ഡ് ആവും ഫ്രഞ്ച് ഗ്രാന്‍പ്രി മത്സരവേദിയെന്നു പ്രാദേശിക രാഷ്ട്രീയ നേതാവായ ക്രിസ്ത്യന്‍ എസ്‌ട്രോസി അറിയിച്ചു.

1990ലായിരുന്നു ഈ വേദിയില്‍ അവസാനമായി ഗ്രാന്‍പ്രി അരങ്ങേറിയത്. ഫോര്‍മുല വണ്‍ തിരിച്ചെത്തിക്കാന്‍ കഴിയുന്നത് തനിക്കും ഒപ്പമുള്ളവര്‍ക്കും അഭിമാന മുഹൂര്‍ത്തമാണെന്നു എസ്‌ട്രോസി പ്രഖ്യാപിച്ചു. ഫ്രഞ്ച് ഗ്രാന്‍പ്രിയുടെ തിരിച്ചുവരവിനെ വന്‍വിജയമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

നൂറ്റാണ്ടിലേറെ കാലം മുമ്പ് 1906ല്‍ ലെ മാന്‍സിലായിരുന്നു ഫ്രാന്‍സിലെ ആദ്യ അംഗീകൃത ഗ്രാന്‍പ്രി അരങ്ങേറിയത്. 2008ല്‍ മധ്യ ഫ്രാന്‍സിലെ മാഗ്‌നെ കോറായിരുന്നു അവസാന ഫ്രഞ്ച് ഗ്രാന്‍പ്രിക്ക് ആതിഥ്യമരുളിയത്. അതിനിടെ പുതിയ സീസണിലേക്കു ടീമുമായി കരാര്‍ നിലവിലുള്ളതിനാല്‍ സ്പാനിഷ് ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലൊന്‍സോയെ മെഴ്‌സീഡിസില്‍ ചേരാന്‍ വിട്ടുകൊടുക്കില്ലെന്നു മക്ലാരന്‍ വ്യക്തമാക്കി.

ലോക ചാംപ്യന്‍ഷിപ് നേടിയ പിന്നാലെ നികൊ റോസ്ബര്‍ഗ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതോടെ അലൊന്‍സോ മെഴ്‌സീഡിസിലേക്കു ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരുന്നു.ടീമുമായുള്ള കരാറില്‍ ഫെര്‍ണാണ്ടോ അലൊന്‍സോ സന്തുഷ്ടനാണെന്നു മക്ലാരന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാക് ബ്രൗണാണു വെളിപ്പെടുത്തി.

മക്ലാരനായി മത്സരവിജയം നേടിക്കൊടുക്കാന്‍ ടീമിനെ പോലെ അലൊന്‍സോയും ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം ടീം വിട്ടു പോകില്ലെന്നും ബ്രൗണ്‍ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ടീമായ റെനോയ്‌ക്കൊപ്പം രണ്ടു തവണ ലോക ചാംപ്യനായ അലൊന്‍സോ 2014 സീസണു ശേഷം ഫെറാരിയില്‍ നിന്നാണു മക്ലാരനില്‍ ചേക്കേറിയത്. എന്നാല്‍ ടീമിനൊപ്പം പ്രതീക്ഷിച്ച വിജയം കൈവരിക്കാനാവാത്തത് അലൊന്‍സോയെ നിരാശനാക്കുന്നുണ്ടെന്നാണു സൂചന.

2012നു ശേഷം ഒറ്റ ഗ്രാന്‍പ്രി ജയിക്കാന്‍ മക്ലാരനു കഴിഞ്ഞിട്ടില്ല; 2015 മുതല്‍ ഹോണ്ടയുമായി പുതിയ സഖ്യത്തിലേര്‍പ്പെട്ടിട്ടും ടീമിനു നേട്ടമൊന്നും കൈവരിക്കാനായില്ല. ഇത്തവണ നിര്‍മാതാക്കളുടെ ചാംപ്യന്‍ഷിപ്പില്‍ ടീം ആറാം സ്ഥാനത്താണ്; 2015ലാവട്ടെ ആകെയുള്ള 10 ടീമില്‍ ഒന്‍പതാമതായിരുന്ന മക്ലാരന്‍.

Top