മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു

വാഷിങ്ടന്‍: യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ (84) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ വംശജനും സംയുക്ത സൈനിക മേധാവിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്.

ശീതയുദ്ധകാലം മുതല്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിനു ശേഷമുള്ള ഭീകരവിരുദ്ധ യുദ്ധം വരെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ യുഎസ് പ്രസിഡന്റുമാര്‍ക്കു കീഴില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചു.

ജമൈക്കന്‍ കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി 1937 ഏപ്രില്‍ 5ന് ന്യൂയോര്‍ക്കിലെ ഹാര്‍ലമിലാണു ജനനം. 1958 ല്‍ സൈന്യത്തില്‍ ചേര്‍ന്നു. വിയറ്റ്‌നാമിലും ജര്‍മനിയിലും സൈനികസേവനമനുഷ്ഠിച്ചു. റൊണാള്‍ഡ് റെയ്ഗന്‍ പ്രസിഡന്റായിരുന്നപ്പോള്‍, 1987 ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി.

ജോര്‍ജ് എച്ച്.ഡബ്ല്യൂ. ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍, 1989 ല്‍ 52-ാം വയസ്സില്‍ സംയുക്ത സൈനിക മേധാവിയായി. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ യുഎസ് സഖ്യവിജയത്തിനു ചുക്കാന്‍പിടിച്ചു . 2001 ല്‍, ജോര്‍ജ് ഡബ്ല്യൂ. ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി. ആ വര്‍ഷം സെപ്റ്റംബറിലായിരുന്നു ന്യൂയോര്‍ക്കിലെ ഭീകരാക്രമണം.

 

Top