‘പ്രശ്‌നം പരിഹരിക്കണമെങ്കില്‍, നിങ്ങള്‍ മുഴുവന്‍ സത്യവും ഉള്‍ക്കൊള്ളണം’ : ബരാക് ഒബാമ

സ്രയേല്‍- ഗാസ സംഘര്‍ഷത്തെ അപലപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ദീര്‍ഘകാലമായി നിലനിന്നിരുന്ന സംഘര്‍ഷം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ ഇരു ഭാഗത്തും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങള്‍ ഭിന്നത കൂടുതല്‍ രൂക്ഷമാക്കുകയാണെന്നും ഒബാമ പറഞ്ഞു. ഇപ്പോള്‍ ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ മുഴുവന്‍ സത്യവും ഏറ്റെടുക്കാന്‍ അമേരിക്കക്കാര്‍ തയാറാവണമെന്ന് അദ്ദേഹം ആഹ്വനം ചെയ്തു. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.

‘പ്രശ്‌നം പരിഹരിക്കണമെങ്കില്‍, നിങ്ങള്‍ മുഴുവന്‍ സത്യവും ഉള്‍ക്കൊള്ളണം, ആരുടേയും കൈകള്‍ ശുദ്ധമല്ലെന്ന് അംഗീകരിക്കണം – നാമെല്ലാവരും ഒരു പരിധിവരെ ഈ സാഹചര്യങ്ങളില്‍ പങ്കാളികളാണ്,’ ‘പോഡ് സേവ് അമേരിക്ക’ എന്ന പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു. ഹമാസിന്റെ നടപടികളും പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രയേലിന്റെ അധിനിവേശവും ഭയാനകവും അസഹനീയവുമാണ്.

പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാര്‍ഗം യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുക മാത്രമാണ്. യഹൂദ ജനതയുടെ ചരിത്രവും ആന്റി സെമിറ്റിസത്തിന്റെ ഭ്രാന്തും അവഗണിക്കരുത്. നിരപരാധികള്‍ ഇരുവശത്തും മരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ സംവാദത്തെ ധ്രുവീകരിക്കുകയും ആളുകള്‍ അവരുടെ സ്വന്തം ധാര്‍മിക നിരപരാധിത്തം മാത്രം സംരക്ഷിക്കുന്ന ഒരു ഇടം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഒബാമ വിമര്‍ശിച്ചു.

ഗാസ സിറ്റിയിലും പ്രദേശത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും ഹമാസിനെതിരെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നതിനിടെയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. സംഘര്‍ഷത്തില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് ഒബാമ ചൂണ്ടിക്കാട്ടി. ‘ ഇത് കാണുമ്പോള്‍ ഞാന്‍ പിറകോട്ട് ചിന്തിക്കുകയാണ്. ഈ സംഘര്‍ഷ ങ്ങള്‍ തടയാന്‍ ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ എന്ത് ചെയ്‌തേനെ? എന്നാലും എനിക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമായിരുന്നോ എന്നും ഞാന്‍ അത്ഭുതപ്പെടുന്നു,’ ഒബാമ വ്യക്തമാക്കി.

Top