മുൻ കേന്ദ്രമന്ത്രിയുടെ പ്രതികരണം കേരളത്തിലെ യു.ഡി.എഫിനും തിരിച്ചടി

പില്‍ സിബല്‍ . . . . ഈ പേര് കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ കപില്‍ സിബിലാണ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് വേണ്ടി നിയമ പോരാട്ടം നടത്തിയിരുന്നത്. വിവിധ കേസുകള്‍ വാദിക്കാനായി എത്തിയ കപില്‍ സിബലിനു മാത്രം സര്‍ക്കാര്‍ നല്‍കിയത് 4 കോടിയിലധികം രൂപയാണ്. 35 ലക്ഷം രൂപ വരെയാണ് കപില്‍ സിബല്‍ ഒരു സിറ്റിംങിന് കൈപ്പറ്റിയിരുന്നത്. സുപ്രീംകോടതിയില്‍ നിന്നെത്തിയ മറ്റ് മുതിര്‍ന്ന അഭിഭാഷകര്‍ക്കും അന്ന് സര്‍ക്കാര്‍ നല്‍കിയിരുന്നത് ലക്ഷങ്ങളാണ്. യു.ഡി.എഫ് ഭരണകാലമായ 2011 – 16 കാലത്ത് 10 കേസുകളിലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കപില്‍ സിബല്‍ ഹാജരായിരുന്നത്.

ആകെ ഫീസിനത്തില്‍ മാത്രം അന്ന് സര്‍ക്കാര്‍ കപില്‍ സിബലിന് നല്‍കിയത് 4 കോടി ആറ് ലക്ഷത്തി എഴുപതിനായിരം രൂപയാണ്. ബാര്‍ കേസില്‍ 3 തവണ ഹാജരായപ്പോള്‍ മാത്രം നല്‍കിയത് 2 കോടി 36 ലക്ഷത്തി അന്‍പതിനായിരം രൂപയാണ്. 2 തവണ അബ്കാരി കേസില്‍ ഹാജരായപ്പോള്‍ കൈപ്പറ്റിയതാകട്ടെ 70 ലക്ഷം രൂപയുമാണ്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഒരു തവണ ഹാജരായപ്പോള്‍ 35 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ചന്ദ്രബോസ് വധക്കേസില്‍ 3 തവണയായി നല്‍കിയത് 26 ലക്ഷത്തി നാല്‍പതിനായിരം രൂപയാണ്. പാലക്കാട് കുട്ടിക്കടത്ത് കേസില്‍ ഹാജരായതിന് എട്ട് ലക്ഷത്തി എണ്‍പതിനായിരം രൂപയും നല്‍കുകയുണ്ടായി. ഇത് കപില്‍ സിബലിന്റെ മാത്രം കണക്കാണ്. രാജ്യത്ത് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസ്സ് പിന്തുണയോടെ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും നിയമ പോരാട്ടത്തില്‍ ആദ്യ പരിഗണന നല്‍കുന്നത് ഈ കോണ്‍ഗ്രസ്സ് നേതാവായ അഭിഭാഷകനാണ്.

അടുത്തയിടെ റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ വാദം സുപ്രീം കോടതിയില്‍ അവതരിപ്പിച്ചതും കപില്‍ സിബലാണ്. രാജ്യത്തെ തന്നെ പ്രഗല്‍ഭരായ അഭിഭാഷകരുടെ പട്ടികയില്‍ മുന്‍ നിരയിലാണ് കപില്‍ സിബലിന്റെ സ്ഥാനം. യു.പി.എ ഭരണകാലത്ത് കേന്ദ്രമന്ത്രിയായി അദ്ദേഹത്തെ നിയമിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രേരിപ്പിച്ചതും ഈ കഴിവ് തന്നെയാണ്. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന കപില്‍ സിബല്‍ ഹൈക്കമാന്റിനെ സംബന്ധിച്ച് ഇപ്പോള്‍ ശരിക്കും വില്ലനാണ്. ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കപില്‍ സിബല്‍ പൊട്ടിത്തെറിക്കുമ്പോള്‍ പ്രതിരോധത്തിലാകുന്നത് നെഹ്‌റു കുടുംബം കൂടിയാണ്. ബിഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.

‘ബിഹാറില്‍ മാത്രമല്ല ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ബിജെപിക്ക് ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെ കണക്കാക്കിയില്ലെന്നും ബിഹാറില്‍ ആര്‍ജെഡിയെയാണ് ബദലായി കണ്ടതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ്സ് തോറ്റു. അവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലാകട്ടെ ചില സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ രണ്ടു ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയിരിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തുമെന്ന പ്രതികരണത്തെയും അഭിമുഖത്തില്‍ അദ്ദേഹം പരിഹസിക്കുകയുണ്ടായി. കഴിഞ്ഞ ആറ് വര്‍ഷം ആത്മ പരിശോധന നടത്താത്തവര്‍ ഇപ്പോള്‍ ആത്മപരിശോധന നടത്തുമെന്ന് എന്ത് പ്രതീക്ഷയാണുള്ളതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

സംഘടനാപരമായി കോണ്‍ഗ്രസിന് എന്താണ് കുഴപ്പമെന്നും എന്താണ് തെറ്റെന്നും ഞങ്ങള്‍ക്കറിയാം. എല്ലാത്തിനും ഉത്തരം ഞങ്ങളുടെ പക്കലുണ്ട്. എന്നാല്‍ ഈ ഉത്തരങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയുടെ ഗ്രാഫ് താഴുന്നത് തുടരുമെന്നും കപില്‍ സിബല്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കപില്‍ സിബല്‍ ഉള്‍പ്പെടെ 22 നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തയച്ചതിന് ശേഷം എന്തെങ്കില്‍ മറുപടി ഉണ്ടായോ എന്ന ചോദ്യത്തിന് ‘ഇതുവരെ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. നമ്മള്‍ തകര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസുകാര്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. പോരായ്മകള്‍ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പോലും വേണ്ട ഫലത്തിലേക്കെത്തില്ല. നാമനിര്‍ദേശം ചെയ്യുന്ന സംസ്‌കാരം എടുത്തുകളയണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

താനൊരു കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും പ്രത്യേക അഭിമുഖത്തില്‍ കപില്‍ സിബല്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കപില്‍ സിബലിന്റെ ഈ പ്രതികരണം കേരളത്തിലെ യു.ഡി.എഫിനാണിപ്പോള്‍ വലിയ പ്രഹരമായിരിക്കുന്നത്. ജനം ഒരിടത്തും കോണ്‍ഗ്രസ്സിനെ ബദലായി കണക്കാക്കുന്നില്ലെന്ന സിബലിന്റെ വാദം ഇടതുപക്ഷത്തെ സംബന്ധിച്ചും വലിയ ആയുധമാണ്. ഇത് ശരിക്കും നിയമസഭ തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്താന്‍ തന്നെയാണ് ചെമ്പടയുടെ തീരുമാനം. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് തന്നെ കോണ്‍ഗ്രസ്സില്‍ പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തില്‍ സാധാരണക്കാര്‍ എങ്ങനെയാണ് വിശ്വസിക്കുക എന്ന ചോദ്യം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളിലും സജീവമാണ്.

അനവസരത്തിലുള്ള പ്രതികരണമായിപ്പോയി കപില്‍ സിബിലിന്റേത് എന്ന നിലപാടാണ് കെ.പി.സി.സി നേതൃത്വത്തിനുമുള്ളത്. ഇക്കാര്യം സംസ്ഥാന ഘടകം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. അതേസമയം കപില്‍ സിബലിന്റെ അഭിപ്രായത്തോട് യോജിച്ച് കോണ്‍ഗ്രസ്സ് നേതാവ് കാര്‍ത്തി ചിദംബരവും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും കൂടിയാലോചനയ്ക്കും പ്രവര്‍ത്തനത്തിനും നമുക്ക് സമയമായിരിക്കുന്നു – എന്നാണ് കാര്‍ത്തി ട്വീറ്റ് ചെയ്തിരിക്കുന്നത്. കപില്‍ സിബല്‍ തന്റെ അഭിമുഖം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത കാര്‍ത്തി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനായ കാര്‍ത്തി ചിദംബരം തമിഴ്‌നാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗം കൂടിയാണ്. ശിവഗംഗ മണ്ഡലത്തെയാണ് അദ്ദേഹം നിലവില്‍ പ്രതിനിധീകരിക്കുന്നത്. ഇതോടെ സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്ന ആവശ്യവും പാര്‍ട്ടിയിലിപ്പോള്‍ ശക്തമായിരിക്കുകയാണ്. ബീഹാറില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പരാജയമായതിനാല്‍ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് പുതിയ അദ്ധ്യക്ഷന്‍ വരണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തിയിരിക്കുന്നത്.

Top