മുന്‍ കേന്ദ്രമന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു

പട്‌ന: ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡി വിട്ട മുന്‍ കേന്ദ്രമന്ത്രി രഘുവംശ പ്രസാദ് സിങ് (74) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് ബാധിതനായ രഘുവംശ പ്രസാദ് ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിങ് ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതിയാണ് പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അദ്ദേഹം ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു.

ലാലു പ്രസാദ് യാദവ് ജനതാദളില്‍ ആയിരുന്നപ്പോഴും 1997-ല്‍ ആര്‍.ജെ.ഡി. രൂപീകരിച്ചത് മുതലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നേതാവാണ് രഘുവംശ് പ്രസാദ് സിങ്. ലാലു പ്രസാദ് യാദവ് ജയിലിലായതിന് ശേഷം മകന്‍ തേജസ്വി യാദവ് മുന്നോട്ടു കൊണ്ടുപോകുന്ന പാര്‍ട്ടിയില്‍ രഘുവംശ് കുറച്ചു കാലമായി അസന്തുഷ്ടനായിരുന്നു. പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയുമുണ്ടായി. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ജൂണില്‍ രഘുവംശ് കത്തെഴുതുകയുമുണ്ടായി.

Top