മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു മരണം. വാജ്പേയ് മന്ത്രിസഭകളില്‍ വിദേശ, പ്രതിരോധ, ധനമന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്‌സഭാംഗവുമായി. സൈനികനായും രാഷ്ട്രീയനേതാവായും പ്രവര്‍ത്തനം അനുഷ്ഠിച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മരണത്തില്‍ അനുശോചനം അറിയിച്ചു. ആദ്യം ഒരു സൈനികനായും പിന്നീട് ദീര്‍ഘകാലം രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയും രാജ്യത്തെ സേവിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതീവ ദുഃഖിതനാണ് എന്നായിരുന്നു കുറിപ്പ്.

1938 ജനുവരി മൂന്നിന് രാജസ്ഥാനിലെ ജസോളില്‍ ഠാക്കൂര്‍ സര്‍ദാര്‍ റാത്തോഡിന്റെയും കന്‍വര്‍ ബൈസയുടെയും മകനായാണ് ജനനം. 1950-60 കാലത്ത് സൈനികനായി സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തിനായി പട്ടാളത്തില്‍നിന്ന് രാജിവെച്ചു. 1960കള്‍ മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. വിദേശനയതന്ത്രവും പ്രതിരോധ സുരക്ഷയുമായിരുന്നു അദ്ദേഹത്തിന്‌റെ ഇഷ്ടമേഖലകള്‍. പാക്കിസ്ഥാനുമായുണ്ടായ കാര്‍ഗില്‍ യുദ്ധം അതിര്‍ത്തിയിലുടനീളം പടരാതിരിക്കാനും പാര്‍ലമെന്റിനുനേര്‍ക്കുണ്ടായ ഭീകരാക്രമണം യുദ്ധത്തില്‍ കലാശിക്കുന്നതു തടയാനും ജസ്വന്ത് നിര്‍ണായക പങ്കുവഹിച്ചു. പാര്‍ലമെന്റ് ആക്രമണത്തിനു തിരിച്ചടിയായി സൈനികാക്രമണത്തിനായി കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ എല്‍.കെ. അഡ്വാനിയും ജോര്‍ജ് ഫെര്‍ണാണ്ടസും വാദിച്ചപ്പോള്‍ സംയമനത്തിനായി വാജ്പേയിക്കൊപ്പം ജസ്വന്ത് ശക്തമായി നിലയുറപ്പിച്ചതും നിര്‍ണായകമായി.

2014ല്‍ ബി.ജെ.പി ഇദ്ദേഹത്തിന് ലോക്‌സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെ രാജസ്ഥാനിലെ ബാര്‍മറില്‍നിന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. ഇതിനു പിന്നാലെ ജസ്വന്ത് സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

Top