എന്തുകൊണ്ടാണ് ഈ കേസില്‍ മാത്രം ഇങ്ങനൊരു നടപടി; മരട് ഫ്‌ലാറ്റ് വിഷയത്തില്‍ ജയറാം രമേശ്

ന്യൂഡല്‍ഹി: തീരദേശ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം.

ഇതേ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ്. ഫ്ളാറ്റ് കേസിലും മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്സ് കേസിലും ഇത്തരം ഉത്തരവിടാതെ, എന്തുകൊണ്ടാണ് മരട് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് കൊച്ചിയിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതേ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ് കേസില്‍ പിഴ ചുമത്തി അത് ക്രമവല്‍ക്കരിച്ചു നല്‍കി. ആദര്‍ശ് ഹൗസിങ് കോംപ്ലക്സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തുകൊണ്ടാണ് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്- ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

Top