Former-UDF-Governments-report-against-jacob-thomas

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ ആധികാരികത സംബന്ധിച്ച് അന്വേഷണത്തിന് സാധ്യത.

റിപ്പോര്‍ട്ടിലെ മിക്ക കണ്ടെത്തലുകളും വസ്തുതക്ക് നിരക്കാത്തതാണെന്ന് ഇതിനകം തന്നെ വ്യക്തമായ സ്ഥിതിക്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് പിന്നിലെ അജണ്ടയെ കുറിച്ചും അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ പ്രമുഖര്‍ക്കെതിരെ ജേക്കബ് തോമസ് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടും മുന്‍ പൊലീസ് മേധാവിയുടെ ഇടപെടലും മൂലമാണ് ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന് വഴിയൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.

2009-2013 കാലയളവില്‍ അദ്ദേഹം തുറമുഖ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കവെ ആ സമയത്ത് ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നായിരുന്നു പരാതി.

അഴിമതിക്കെതിരായി കര്‍ശന നിലപാട് സ്വീകരിച്ച് യുഡിഎഫ് മന്ത്രിസഭയിലെ പല പ്രമുഖരുടെയും കണ്ണിലെ കരടായി ജേക്കബ് തോമസ് മാറിയ പശ്ചാത്തലത്തിലായിരുന്നു പരാതിയെന്നത് ഇതിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യപ്പെടാന്‍ കാരണമായിരുന്നു.

ചില ‘കേന്ദ്രങ്ങളുടെ’ പ്രത്യേക താല്‍പര്യപ്രകാരം പരിശോധന നടത്തിയ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് തന്നെ ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഈ ശുപാര്‍ശയാണ് തുറമുഖ വകുപ്പിന്റെ പരിശോധനക്കായി ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയമുള്ളതിനാല്‍ കൂടുതല്‍
പരിശോധന അനിവാര്യമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി.ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇടപെടലും ഈ നീക്കത്തിന് പിന്നിലുണ്ട്.

പകപോക്കലിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന അന്വേഷണ റിപ്പോര്‍ട്ടായതിനാല്‍ ഈ അന്വേഷണത്തെക്കുറിച്ചും കണ്ടെത്തലുകളിലെ നിജസ്ഥിതിയെ കുറിച്ചും ജേക്കബ് തോമസിന്റെ കൂടി വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സത്യസന്ധമായ പരിശോധന നടത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്.

പ്രത്യേകിച്ച് കഴിഞ്ഞ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെഎം മാണിക്കെതിരെ കടുത്ത നിലപാട് ജേക്കബ് തോമസ് സ്വീകരിച്ച പശ്ചാത്തലത്തില്‍.

മാണിയുടെ രാജിയോടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ധനകാര്യ വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുന്നതടക്കമുള്ള നടപടിയാണ് അദ്ദേഹവും പരിഗണിച്ചിരുന്നത്.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറും പരസ്യമായി ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നിരുന്നു.

ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ജേക്കബ് തോമസിനെതിരെ വന്‍ ഗൂഢാലോചന തന്നെ അണിയറയില്‍ നടന്നതായാണ് സംശയിക്കുന്നത്.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയാവുകയും സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്യം നല്‍കുകയും ചെയ്തതോടെ പല യുഡിഎഫ് നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും വെട്ടിലായിരിക്കുകയാണ്.

ഒന്നിന് പിറകെ ഒന്നായി കഴിഞ്ഞ സര്‍ക്കാരിന്റെ ഇടപെടലുകള്‍ വിജിലന്‍സ് ചികയുന്നതിനാല്‍ ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാനാണ് നീക്കം. അതിന് വേണ്ടി ഒരുവിഭാഗം ഐഎഎസുകാരുടെ പിന്‍തുണയും ഈ തല്‍പ്പര കക്ഷികള്‍ക്കുണ്ട്. ധനകാര്യ വകുപ്പിന്റേതെന്ന പേരില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പോലും വളച്ചൊടിക്കുന്നതില്‍ യുഡിഎഫ് അനുകൂല മാധ്യമങ്ങളും മത്സരിക്കുകയാണ്.

താന്‍ മടുത്ത് ഇട്ടിട്ട് പോയാല്‍ രക്ഷപ്പെടുമെന്ന് ചിലര്‍ കരുതുന്നതായ ജേക്കബ് തോമസിന്റെ വാക്കുകളില്‍ നിന്ന് തന്നെ ഇതുകൊണ്ടെന്നും തന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.

Top