മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ?

ഗുവാഹതി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ്സ്. അസമില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന് വെളിപ്പെടുത്തിയത് നിസാരക്കാരനല്ല. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയിയാണ് അമ്പരിപ്പിക്കുന്ന വിവരം പൊതു സമൂഹത്തോട് തുറന്ന് പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയില്‍ രഞ്ജന്‍ ഗോഗോയിയുടെ പേരുള്ളതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. അദ്ദേഹം തന്നെയാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് താന്‍ കരുതുന്നുവെന്നും തരുണ്‍ ഗോഗോയി ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസിന് രാജ്യസഭയിലേക്ക് പോകാമെങ്കില്‍ തീര്‍ച്ചയായും മുഖ്യമന്ത്രി പദത്തിലേക്കും അദ്ദേഹം സമ്മതിക്കുമെന്നും തരുണ്‍ ഗോഗോയി ചൂണ്ടിക്കാട്ടി.

‘ഇതെല്ലാം രാഷ്ട്രീയക്കളികളാണ്’ രഞ്ജന്‍ ഗോഗോയിയുടെ അയോധ്യ വിധി പ്രസ്താവനയില്‍ ബി.ജെ.പി ഏറെ സന്തോഷത്തിലാണ്. ഇതിന് ശേഷം അദ്ദേഹം പടിപടിയായി രാഷ്ട്രീയത്തിലേക്ക് കടന്നു. ബി.ജെ.പിയുടെ രാജ്യസഭാംഗത്വം സ്വീകരിച്ചു. എന്തുകൊണ്ട് അദ്ദേഹം രാജ്യസഭാംഗത്വം നിരസിച്ചില്ലന്നും തരുണ്‍ ചോദിക്കുന്നു.

രഞ്ജന്‍ ഗൊഗോയിക്ക് മനുഷ്യാവകാശ കമീഷന്റെയോ മറ്റെന്തെങ്കിലുമോ അധ്യക്ഷ സ്ഥാനം വഹിക്കാമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്‍പര്യം ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. അതുകൊണ്ടാണ് രാജ്യസഭാംഗത്വം സ്വീകരിച്ചത് -തരുണ്‍ ഗോഗോയി തുറന്നടിച്ചു. താന്‍ അസമിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉപദേശകനായി താനുണ്ടാകും. അസമില്‍ എ.ഐ.യു.ഡി.എഫ്, ഇടതുകക്ഷികള്‍, പ്രാദേശിക കക്ഷികള്‍ എന്നിവയെ കൂട്ടി മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് വീഴ്ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും തരുണ്‍ ഗോഗോയി അഭിപ്രായപ്പെട്ടു

കോണ്‍ഗ്രസില്‍ കഴിവുള്ള നിരവധി നേതാക്കളുണ്ട്. ബി.ജെ.പിക്കെതിരായ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പൊതു സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നതാകും നല്ലതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അതേസമയം, ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫുമായി സഖ്യത്തിലാകുന്നതിനെ അപ്പര്‍ അസം മേഖലയിലെ കോണ്‍ഗ്രസ് നേതൃത്വം ശക്തമായാണ് എതിര്‍ക്കുന്നത്. ഈ സഖ്യം അപ്പര്‍ അസമില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം സഖ്യം വേണമെന്ന നിലപാടിലാണ് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്. അന്തിമ തീരുമാനം ഹൈക്കമാന്റ് സ്വീകരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നത്.

Top