ദക്ഷിണ കൊറിയന്‍ മുന്‍ സൈനികമേധാവിയും പ്രസിഡന്റുമായിരുന്ന ചുന്‍ ദൂ ഹ്വാന്‍ അന്തരിച്ചു

സോള്‍: ദക്ഷിണ കൊറിയന്‍ മുന്‍ സൈനികമേധാവിയും പ്രസിഡന്റുമായിരുന്ന ചുന്‍ ദൂ ഹ്വാന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. സ്വന്തം വീട്ടിലായിരുന്നു അന്ത്യം. 1979ല്‍ അട്ടിമറിയിലൂടെയാണ് ചുന്‍ ഭരണം പിടിച്ചെടുത്തത്.

ജനാധിപത്യപ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയ ചുന്‍ പ്രതിപക്ഷനേതാവ് കിം ഡായെ ജങ് ഉള്‍പ്പെടെ ആയിരങ്ങളെയാണ് തന്റെ ഭരണകാലത്ത് തടവിലാക്കിയത്. ജനകീയ പ്രതിഷേധങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് കിമ്മിനെ വധശിക്ഷക്കു വിധിച്ചു. പിന്നീട് യു.എസ് ഇടപെട്ടതോടെ ശിക്ഷ ഇളവുചെയ്ത് മോചിപ്പിക്കുകയായിരുന്നു.

സൈന്യത്തിന്റെ അടിച്ചമര്‍ത്തലില്‍ 200ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം കനത്തപ്പോള്‍, ദക്ഷിണ കൊറിയയില്‍ സ്വതന്ത്രവും നേരിട്ടുള്ളതുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ചുന്‍ നിര്‍ബന്ധിതനായി. 1988ല്‍ അധികാരമൊഴിഞ്ഞതിനുശേഷം രണ്ടു വര്‍ഷത്തോളം ബുദ്ധക്ഷേത്രത്തില്‍ അഭയംതേടി. പിന്നീട് അറസ്റ്റിലായി. അഴിമതി, സൈനിക കലാപം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ചുന്നിനെ വധശിക്ഷക്കു വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ഇളവുചെയ്തു.

മോചിപ്പിക്കുന്നതിനുമുമ്പ് ഭരണകാലത്ത് കൊള്ളയടിച്ച 19 കോടി ഡോളര്‍ തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും ചെറിയൊരു ഭാഗം മാത്രമേ ചുന്‍ നല്‍കിയുള്ളൂ.

 

Top