മധ്യപ്രദേശില്‍ ശിവസേന മുന്‍ അധ്യക്ഷനെ വെടിവെച്ച് കൊലപ്പെടുത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവസേന മുന്‍ അധ്യക്ഷനെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. രമേശ് സാഹു (70) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഇന്‍ഡോര്‍ തേജാജി നഗറിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന രമേശ് സാഹുവിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ സാഹുവിന്റെ ഭാര്യ ഗീത സാഹു(65), മകള്‍ ജയ സാഹു (42) എന്നിവര്‍ക്കു പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.

നാടന്‍ തോക്ക് ഉപയോഗിച്ചാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഉടന്‍തന്നെ സാഹുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് തേജാജി നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍.എസ്. ബദൂരിയ പറഞ്ഞു.

വീടിനു പുറത്തു ശബ്ദം കേട്ടാണ് മകള്‍ വാതില്‍ തുറന്നത്. വാതില്‍ തുറന്നതോടെ മുഖംമൂടി ധരിച്ച അക്രമികള്‍ വടിയും കത്തിയുമായി അകത്തു കയറി ഗീതയെയും മകളെയും ആക്രമിച്ച് ആഭരണങ്ങളും പണവും കവര്‍ന്നു. തുടര്‍ന്നു രമേശ് ഉറങ്ങുന്ന മുറിയില്‍ കയറി വെടിവയ്ക്കുകയായിരുന്നു. ഉടന്‍തന്നെ സംഘം വീടുവിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Top