ലോകകപ്പ് ടീമിൽ സഞ്ജു എത്താനുള്ള ഒരേയൊരു സാധ്യതയെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ സെലക്ടർ

മുംബൈ: ഏഷ്യാ കപ്പ് ടീമിലിടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സാബാ കരീം. അയര്‍ലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരം മഴയില്‍ ഒലിച്ചുപോകുകയും ഏഷ്യാ കപ്പിനുള്ള ടീമിലെ റിസര്‍വ് താരം മാത്രമാകുകയും ചെയ്ത സഞ്ജുവിന് ലോകകപ്പ് ടീം പ്രഖ്യാപിക്കേണ്ട സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ഇനി മികവ് കാട്ടാന്‍ അവസരമില്ല.

ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകള്‍ അവസാനിച്ചുവെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്ന് തുറന്നു പറയുകയാണ് സാബാ കരീം. ഏഷ്യാ കപ്പിനിടെ കെ എല്‍ രാഹുല്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ സ‍ഞ്ജുവിന് ലോകകപ്പ് ടീമിലെത്താന്‍ ഇനിയും അവസരമുണ്ടെന്ന് സാബാ കരീം പറഞ്ഞു. അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സഞ്ജു കളിച്ച ഇന്നിംഗ്സ് മികച്ചതായിരുന്നു.

അതുകൊണ്ട് തന്നെ ലോകകപ്പ് ടീമിന്റെ പടിവാതിലില്‍ സഞ്ജുവുണ്ട്. പക്ഷെ നിലവിലെ ടീം കോംബിനേഷനില്‍ കെ എല്‍ രാഹുലിന്റെ പരിക്ക് ഭേദമായില്ലെങ്കില്‍ മാത്രമെ സഞ്ജുവിന് ലോകകപ്പ് ടീമിലേക്കുള്ള വഴി തുറക്കു. രാഹുലിന് കളിക്കാന്‍ കഴിയില്ലെങ്കില്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ സഞ്ജുവല്ലാതെ മറ്റൊരു സാധ്യതയുമില്ല. സ്വാഭാവികമായും രാഹുലിന് പകരം സഞ്ജു ടീമിലെത്തും. അതുകൊണ്ടാണ് അയര്‍ലന്‍ഡിനെതിരെ നാലാം നമ്പറിലിറങ്ങി അതിവേഗം നേടിയ ആ 40 റണ്‍സ് വിലപ്പെട്ടതാകുന്നത്.

അതുപോലെ അയര്‍ലന്‍ഡ് പര്യടനത്തിലെ മറ്റൊരു നേട്ടം പ്രസിദ്ധ് കൃഷ്ണയുടെ മടങ്ങിവരവാണ്. കഴിഞ വര്‍ഷം നടത്തിയ അയര്‍ലന്‍ഡ് പര്യടനത്തെക്കാള്‍ മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യ നടത്തിയതെന്നും സാബാ കരീം പറഞ്ഞു. അടുത്തമാസം അഞ്ചിന് മുമ്പാണ് ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി.

Top