മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ കേസെടുക്കണം: കെ. സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് വനം കൊള്ളയ്ക്ക് ഇടയാക്കിയ വിവാദ മരംമുറി ഉത്തരവ് ഇറക്കിയത് മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് വ്യക്തമായിരിക്കെ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

രാജകീയ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് പോലും അവഗണിച്ചു. മന്ത്രിക്ക് നിയമോപദേശം ലഭിച്ചിട്ടില്ലെന്നുളളത് ഫയലില്‍ നിന്ന് വ്യക്തമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് പുറത്തുവരുന്ന തെളിവുകള്‍. ചന്ദ്രശേഖരന്റെ ഈ ചെയ്തിക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി പറയണം.

കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന സി.പി.എമ്മിനും സി.പി.ഐക്കും തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനായിരുന്നു വനം കൊള്ളയ്ക്കുള്ള ഉത്തരവ്. സി.പി.ഐയുടെ മുഖംമൂടി അഴിഞ്ഞുവീണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Top