നവാസ് ഷെരീഫിന്റെ ഭാര്യയുടെ ആശുപത്രി മുറിയില്‍ യുവാവിന്റെ നുഴഞ്ഞുകയറ്റം

ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും ഷെരീഫ് ചികിത്സയില്‍ കഴിയുന്ന ആശുപത്രി മുറിയിലേക്ക് യുവാവിന്റെ നുഴഞ്ഞുകയറ്റം. പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ മുന്‍ അംഗമാണെന്ന് അവകാശപ്പെട്ട നവീദ് എന്നയാളാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആശുപത്രി മുറിയിലേക്ക് കടന്നുകയറിയത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്‌ളിനിക് ആശുപത്രിയിലെ ഐ.സിയുവില്‍ ചികിത്സയിലാണ് കുല്‍സും ഷെരീഫ് . വെള്ളിയാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടതിന് പിന്നാലെ കുല്‍സുമിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

താനൊരു ഡോക്ടറാണെന്നും കുല്‍സുമിന്റെ ആരോഗ്യനില പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് നവീദ് ഐ.സിയുവില്‍ കടന്നത്. എന്നാല്‍ കുല്‍സുമിന്റെ ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ കൈയില്‍ നിന്ന് ഡോക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു.

തൊണ്ടയിലെ കാന്‍സറിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയകള്‍ക്ക് കുല്‍സും വിധേയയായിരുന്നു. പിന്നീട് രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ ഈ വര്‍ഷം ഏപ്രിലിലാണ് അവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top