വീണ്ടും പ്രകോപിപ്പിച്ചിരുന്നെങ്കില്‍ മന്‍മോഹന്‍ പാക്കിസ്ഥാനെ തകര്‍ത്തുകളയുമായിരുന്നു…

ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനെതിരെ സൈനിക നടപടിക്ക് തയ്യാറെടുത്തിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. മുംബൈ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം കൂടി സംഭവിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരെ സൈനിക നടപടിയ്ക്ക് മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് പദ്ധതിയിട്ടിരുന്നതായി കാമറൂണ്‍ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തി. കാമറൂണിന്റെ ഓര്‍മക്കുറിപ്പുകളുടെ പുസ്തകമായ ‘ഫോര്‍ ദ റിക്കോര്‍ഡി’ലാണ് ഇക്കാര്യം പറയുന്നത്.

മന്‍മോഹന്‍ സിങ്ങുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം ഒരു വിശുദ്ധനായ മനുഷ്യനായിരുന്നു എന്നും കാമറൂണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യതകളാണ് താന്‍ തേടിയിരുന്നത്. അമേരിക്കയുമായുണ്ടായിരുന്ന തരത്തിലുള്ള പ്രത്യേക ബന്ധത്തിനു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മന്‍മോഹന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ തന്നെയാണ് കാമറണ്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നത്. 2010 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മൂന്നു തവണ കാമറണ്‍ ഇന്ത്യയില്‍ വന്നിരുന്നു. 2016ലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിനു ഹിതപരിശോധനയില്‍ അംഗീകാരം ലഭിച്ചതോടെയായിരുന്നു കാമറണിന്റെ രാജി.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടണില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും കാമറോണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബ്രിട്ടണിലെ വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത് സംസാരിച്ചതിനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നയതന്ത്രതലത്തില്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം യുകെ അവസാനിപ്പിക്കുന്ന സമയത്തും കാമറണായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുമായി പുതിയ പങ്കാളിത്തം ആവശ്യമാണെന്ന നിലപാടാണ് താന്‍ സ്വീകരിച്ചിരുന്നതെന്ന് കാമറൂണ്‍ പറയുന്നു. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യതകളാണ് താന്‍ തേടിയിരുന്നത്. അമേരിക്കയുമായുണ്ടായിരുന്ന തരത്തിലുള്ള പ്രത്യേക ബന്ധത്തിനു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Top